• ഇന്ന് ലോക കാപ്പി ദിനം
കൊച്ചി: കൊവിഡ് കാലം രാജ്യത്തെ കാപ്പികൃഷിക്കാർക്കും കാപ്പി വ്യവസായികൾക്കും നല്ല കാലമായിരുന്നില്ല. ഇക്കൊല്ലം മാർച്ച്-മേയ് കാലത്ത് കയറ്റുമതിയിൽ 26,400 ടൺ ഇടിവുണ്ടായി.
കൊവിഡ് മഹാമാരിയാൽ ലോകകമ്പോളത്തിൽ കാപ്പിയ്ക്കും ഡിമാൻഡിൽ കുറവുണ്ടായതാണ് പ്രശ്നം.2018-19 വർഷത്തേക്കാൾ 7.40 ശതമാനം കയറ്റുമതി കുറഞ്ഞു.
കാപ്പി നിർമ്മാണയൂണിറ്റുകളും ഹോട്ടലുകളും മറ്റും അടഞ്ഞത് കാപ്പി മേഖലയെ മൊത്തത്തിൽ ബാധിച്ചു. കനത്ത മഴയും പ്രളയവും കഴിഞ്ഞ സാമ്പത്തിക വർഷം ഉത്പാദനത്തിലും ഏഴ് ശതമാനത്തോളം ഇടിവുണ്ടാക്കി.
ആറാമൻ ഇന്ത്യ
കാപ്പികൃഷിയിലും ഉത്പാദനത്തിലും ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ. ബ്രസീലാണ് നമ്പർ വൺ.
ഇന്ത്യയിലെ കാപ്പിയുടെ 71% കർണാടകയുടെ വകയാണ്. 21% കേരളത്തിന്റെയും തമിഴ്നാടിന്റേയും. കർണാടകയിലെ ചിക്കമംഗലൂരാണ് ഇന്ത്യൻ കാപ്പിയുടെ ആസ്ഥാനമണ്ഡലം.
ഇറ്റലിയും റഷ്യയും ജർമ്മനിയുമാണ് നമ്മുടെ കാപ്പിയുടെ പ്രധാന ഉപഭോക്താക്കൾ
രക്ഷപ്പെടുമോ കോഫി ഡേ
ഇന്ത്യയിലും വിദേശത്തും കാപ്പി രംഗത്ത് വിപ്ളവം സൃഷ്ടിച്ച കഫേ കോഫി ഡേയുടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള കഠിനശ്രമം നിർണായക ഘട്ടത്തിൽ. ചെയർമാൻ വി.ജി സിദ്ധാർത്ഥ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തതോടെ കഫേ കോഫി ഡേ ശൃംഖല തകർച്ചയുടെ വക്കിലായിരുന്നു. ഇപ്പോൾ ടാറ്റ ഗ്രൂപ്പ് ഇവരുടെ കാപ്പി വെൻഡിംഗ് മെഷീൻ ബിസിനസ് വാങ്ങാനുള്ള നീക്കത്തിലാണ്. കഫേ കോഫി ഡേ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും അണിയറയിൽ നീക്കങ്ങൾ സജീവമെന്നാണ് റിപ്പോർട്ട്.
ഈ ഇടപാട് നടന്നാൽ കടം കയറി നിൽക്കുന്ന കഫേ കോഫി ഡേയ്ക്ക് പിടിച്ചുനിൽക്കാനാകും. 1800 ഓളം റീട്ടെയ്ൽ ഒൗട്ട്ലറ്റുകളിൽ ലാഭകരമല്ലാത്ത 300 എണ്ണം ഏതാനും മാസങ്ങൾക്കുളള്ളിൽ പൂട്ടിക്കഴിഞ്ഞു.
ബംഗളുരുവിലെ ടെക്നോളജി പാർക്ക് വിറ്റ് 1,644 കോടിയുടെ ബാദ്ധ്യത കമ്പനി തീർക്കുകയും ചെയ്തു.