ameesh-

പറവൂർ: അമീഷിന്റെ കണ്ണീർ സുമനസുകൾ കണ്ടു. ഇനി പപ്പടം വിൽക്കാൻ കുട്ടിസൈക്കിളുമായി നിരത്തിലിറങ്ങേണ്ട. കിടപ്പിലായ അച്ഛന് കട്ടിലും കിടക്കയും ചികിത്സയും കൂടാതെ നിരവധി സഹായ വാഗ്ദാനങ്ങളും എത്തി. നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ അച്ഛന് കിടക്കാൻ കട്ടിൽ വാങ്ങാൻ സൈക്കിളിൽ പപ്പടം വിൽക്കാനിറങ്ങിയ അമീഷിന്റെ വാർത്ത ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടാണ് അമീഷിന് സഹായ വാഗ്ദാനവുമായി നിരവധി പേരെത്തിയത്.

പറയകാട് കളത്തിങ്കൽ വുഡ്സ് ഉടമ കെ.എസ്. പ്രേംകുമാർ നൽകിയ കട്ടിലും കിടക്കയും ഇന്നലെ പത്തു മണിയോടെ അമീഷിന്റെ വീട്ടിലെത്തിച്ചു. അദ്ദേഹത്തിന്റെ സഹോദരൻമാരായ പറവൂർ ഹോമിയോ മെഡിക്കൽ സെന്ററിലെ ഡോ. കെ.എസ്. പ്രസാദ് നട്ടെല്ലിനേറ്റ ക്ഷതത്തിനുള്ള മുഴുവൻ ചികിത്സാ ചെലവുകളും ഏറ്റെടുത്തു. പേൾ ഫാർമസ്യൂട്ടിക്കൽസ് ഉടമ കെ.എസ്. പ്രദീപ് സൗജന്യ ആയുർവേദ ചികിത്സാ വാഗ്ദാനം ചെയ്തു.

രാവിലെ പത്തു മണിയോടെ കളത്തിങ്കൽ വുഡ്സ് നൽകിയ ഡബിൾ കോട്ട് കട്ടിലും കിടക്കയും കേരളകൗമുദി പറവൂർ റിപ്പോർട്ടർ കെ. രാജേഷ്, സർക്കുലേഷൻ എക്സിക്യൂട്ടീവ് കെ.എസ്. സുനിൽ, സമൂഹ്യ പ്രവർത്തകനും കെ.എസ്.എഫ്.ഇ ഏജന്റുമായ വി.എ. രാമദാസ് എന്നിവർ ചേർന്ന് വീട്ടിലെത്തിച്ചു. സഹായം നൽകിയവർക്കും കേരളകൗമുദിക്കും അമീഷും കുടുംബവും നന്ദി അറിയിച്ചു.