thanal
തണൽ വീട് പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു

വൈപ്പിൻ : ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവനപദ്ധതിയിലെ രണ്ട് വീടുകളുടെ ശിലാസ്ഥാപനം എം.പി നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപോളിസ്, കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആൻഡ്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി സ്‌പോൺസർ ചെയ്യുന്നത്. പള്ളിപ്പുറത്ത് സരസ പുരുഷനും നായരമ്പലത്ത് തേവർ വട്ടത്ത് ടി.കെ സുബ്രനുമാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.

2018 ലെ പ്രളയത്തെ തുടർന്ന് ഹൈബി ഈഡൻ എം.എൽ.എ ആയിരുന്ന കാലയളവിൽ ആരംഭിച്ചതാണ് തണൽ ഭവനപദ്ധതി. ഇതിനകം 50 വീടുകൾ പൂർത്തീകരിച്ച് താക്കോൽദാനം നിർവഹിച്ചതായി എം.പി പറഞ്ഞു. എം.പി ആയതോടെ പദ്ധതി പാർലമെന്റ് മണ്ഡലത്തിൽ വ്യാപിപ്പിക്കുകയായിരുന്നു. ഒട്ടനവധി സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മെട്രോപോളിസ് ചാരിറ്റി വിംഗ് ഭാരവാഹികളായ ബോസ്, സക്കറിയ എബ്രഹാം, ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി, സി.ആർ. സുനിൽ, പി.പി. ഗിരീഷ്, കെ.എം. പ്രസൂൺ, എൻ.എസ്. സുധീഷ്, മനു കുഞ്ഞുമോൻ, കെ.എഫ്. വിൽസൺ, പഞ്ചായത്ത് അംഗങ്ങളായ എം.വി. ശോഭിക, ചന്ദ്രമതി സുരേന്ദ്രൻ, ഷൈനി പോൾസൺ തുടങ്ങിയവർ പങ്കെടുത്തു.