മൂവാറ്റുപുഴ: മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്തു കമ്മിറ്റി നിർധന കുടുംബങ്ങൾക്ക് പണിതു നൽകുന്ന രണ്ട് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇതോടെ സകാത്തുൽ മാൽ ഉപയോഗിച്ച് മഹല്ല് നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണം 34 ആയി.കഴിഞ്ഞ വർഷത്തെ സകാത്ത് വിഹിതത്തിൽ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗപ്പെടുത്തി രണ്ട് വീടുകളാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. നാല് സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി പണി തീർത്ത വീടുകൾ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. 650 സ്ക്വയർ ഫീറ്റ് വീതം വിസ്തൃതിയുള്ള വീടുകൾക്ക് രണ്ട് ബഡ്റൂം, ഹാൾ, സ്വിറ്റ് ഔട്ട്, കിച്ചൺ ,അറ്റാച്ചഡ് ബാത്റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് പണി പൂർത്തിയായ വീടുകളുടെ താക്കോൽദാനം അടുത്ത മാസം നടക്കും. 2014ൽ വീടില്ലാതെ വാടകക്ക് താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക്വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.നഗരസഭ മൂന്നാം വാർഡിൽ പെട്ട ലൊറോറ്റൊ ആശ്രമത്തിനു സമീപം വാങ്ങിയ 65 സെൻ്റ് സ്ഥലത്ത് മിനാട്രസ്റ്റുമായി സഹകരിച്ച് 20 വീടുകളാണ് ആദ്യംനിർമിച്ചത്. മൂന്ന് സെന്റ് സ്ഥലത്ത് 650 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീടുകളാണ് നിർമിച്ചത്.ഒരു കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. തുടർന്ന് 2018ൽ ഒന്നേകാൽ കോടി രൂപ ചിലവിൽറോട്ടറി റോഡിൽ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റുകളും നിർമിച്ച നൽകി. സ്ഥലത്തിനും ,ഫ്ലാറ്റിനും കൂടി ഒന്നേകാൽ കോടി രൂപയാണ് ചിലവായതെന്ന് മഹല്ല് പ്രസിഡൻ്റ് പി.എം.അബ്ദുൽ സലാം, സെക്രട്ടറി എം.എം.മുഹമ്മദ് വീട്നിർമ്മാണ കമ്മിറ്റി അംഗങ്ങളായ പി.വൈ. നൂറുദ്ദീൻ, പി.എസ്. ഷുക്കൂർ എന്നിവർ പറഞ്ഞു.