കൊച്ചി : സംസ്ഥാനത്തെ ലൈഫ് മിഷൻ പദ്ധതി വിവാദങ്ങളെക്കുറിച്ച് സി.ബി.ഐ നടത്തുന്ന അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം വേണമെന്ന അനിൽ അക്കര എം.എൽ.എയുടെ പരാതിയും ഇതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസാണ് ഹർജി നൽകിയത്. ഹർജി അടുത്ത ദിവസം പരിഗണിച്ചേക്കും.
വിദേശസഹായ നിയന്ത്രണ നിയമത്തിലെ വകുപ്പ് 43 പ്രകാരം സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടത് തെറ്റായ നടപടിയാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഒരു ഏജൻസിയെ നിയോഗിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെങ്കിലും, സംസ്ഥാന സർക്കാരിന്റെ അധികാരം മറികടന്ന് ഉത്തരവിടാനാവില്ല. ലൈഫ് മിഷൻ പദ്ധതിക്കെതിരെ ആരോപണമുന്നയിച്ച് സംസ്ഥാനത്തെ ഭവനപദ്ധതിക്ക് തുരങ്കം വയ്ക്കാൻ അനിൽ അക്കര എം.എൽ.എ നൽകിയ പരാതി തികച്ചും രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടു കൂടിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ കേസെടുത്തതും ഇതേ ലക്ഷ്യത്തോടെയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
'സർക്കാരോ ലൈഫ് മിഷനോ വിദേശ സഹായം സ്വീകരിച്ചില്ല'
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഇൗപ്പനെ ഒന്നും, സാൻവെഞ്ച്വേഴ്സിനെ രണ്ടും, ലൈഫ് മിഷൻ പദ്ധതിയിലെ ഇനിയും തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ മൂന്നും പ്രതികളാക്കിയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെന്ന നിർവചനത്തിൽ ലൈഫ് മിഷന്റെ സി.ഇ.ഒയായ താനും ഉൾപ്പെടുമെന്ന് യു.വി. ജോസിന്റെ ഹർജിയിൽ പറയുന്നു.
പൊതുജന പങ്കാളിത്തത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ആഗസ്റ്റ് 18 വരെ 2,24,322 വീടുകൾ നിർമ്മിച്ചുനൽകി. 2019 ഒക്ടോബർ 28ലെ ഉത്തരവനുസരിച്ച് 36 ഹൗസിംഗ് പ്ളോട്ടുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. യു.എ.ഇ റെഡ് ക്രസന്റ് അതോറിട്ടി വീടുകൾ നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിയും ലൈഫ് മിഷൻ സി.ഇ.ഒയുമായി ധാരാണാപത്രം ഒപ്പുവച്ചു. കരാറുകാരനെയും ബിൽഡറെയും തിരഞ്ഞെടുക്കുന്നത് റെഡ് ക്രസന്റാണ്. ഇതിൽ സർക്കാരിനോ ലൈഫ് മിഷനോ പങ്കില്ല. സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ വിദേശത്ത് നിന്ന് സഹായം സ്വീകരിച്ചിട്ടില്ല. 140 അപ്പാർട്ട്മെന്റുകളുടെ നിർമ്മാണത്തിനായി ജൂലായ് 31ന് യു.എ.ഇ കോൺസുലേറ്റും യൂണിടാകുമായാണ് കരാർ ഒപ്പുവച്ചത്. യൂണിടാകിനെയും സാൻവെഞ്ച്വേഴ്സിനെയും തിരഞ്ഞെടുത്തത് റെഡ് ക്രസന്റാണ്. സർക്കാരിനോ ലൈഫ് മിഷനോ ഇതിൽ പങ്കില്ലെന്നും ഹർജിയിൽ പറയുന്നു.