കൊച്ചി: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ രൂപകൽപ്പന ചെയ്യുന്ന ഓൺലൈൻ ഡെലിവറി ആപ്പിന് ''റിസോയ്'' എന്ന് പേരിട്ടു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 18000 പേരുകളിൽ നിന്നാണ് ഹിന്ദിയിൽ അടുക്കള എന്നർത്ഥമുള്ള റിസോയ് തിരഞ്ഞെടുത്തത്. പേര് നിർദേശിച്ച എഴുത്തുകാരനും സിനിമാ സീരിയൽ താരവുമായ അനിൽ പെരുമ്പളത്തിന് ഒരുലക്ഷംരൂപയും കോവളം സീഫേസ് ഹോട്ടലിൽ രണ്ടുദിവസത്തെ സൗജന്യ താമസവും സമ്മാനമായി നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂറി അംഗങ്ങൾ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം തലവൻ ഡോ.എൻ.വി. ഹാഫീസ് മുഹമ്മദ്, കവി കെ. സച്ചിദാനന്ദൻ, ആർക്കിടെക്ട് ജി. ശങ്കർ, എഴുത്തുകാരി ഷാഹിന കെ. റഫീക് എന്നിവരാണ് ആപ്പിന് പേര് നിശ്ചയിച്ചത്.
നവംബർ 1ന് എറണാകുളം ജില്ലയിൽ പരീക്ഷണാർത്ഥം ആരംഭിക്കുന്ന ആപ്പ് പിന്നീട് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ. മൊയ്ദീൻകുട്ടി, സെക്രട്ടറി ജി. ജയപാൽ എന്നിവർ അറിയിച്ചു.