തൃക്കാക്കര : കൊവിഡ് വ്യാപനമുണ്ടായ കാക്കനാട് വ്യവസായ മേഖല(സെസ്) കണ്ടെയ്‌മെന്റ് സോൺ ആക്കി. ഒരാഴ്ചക്കിടെ ഒമ്പതു കമ്പനികളിലായി 63 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. രോഗ വ്യാപനമുണ്ടായ കമ്പനികൾ ഏഴ് ദിവസം അടച്ചിടും. രോഗികളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്നവർ 14 ദിവസം ക്വറന്റൈയിനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി കൊവിഡ് ഫ്ലയിംഗ് സ്‌ക്വാഡുകൾ രൂപീകരിക്കാൻ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. കാക്കനാട് വ്യവസായ മേഖലയിൽ (സെസ്) 362 പേരാണ് രോഗികളുമായി നേരിട്ട സമ്പർക്കിൽ വന്നിട്ടുള്ളത്. കമ്പനികൾ അണുവിമുക്തമാക്കും.
തൊഴിലാളികൾക്ക് സുരക്ഷ
ഒരുക്കണം സി.പി.എം
കാക്കനാട് വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.(എം) തൃക്കാക്കര ലോക്കൽ സെക്രട്ടറി എൻ.പി ഷണ്മുഖൻ സെസ് ഡവലപ്മെന്റ് കമ്മീഷണർക്ക് കത്തുനൽകി.വ്യവസായ മേഖലയിലെ ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കണം. കാക്കനാട്, തുതിയൂർ, ചിറ്റേത്തുകര, താണപാടം, പാലച്ചുവട് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.