ആലുവ: കോൾ സെന്ററുകളിൽ നിന്നും ശേഖരിക്കുന്ന വിലാസവും നമ്പറുകളും ഉപയോഗിച്ചാണ് ഓൺലൈൻ തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നതായി പൊലീസിന് സൂചന ലഭിച്ചു. ജില്ലയുടെ പലഭാഗങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്നാണ് റൂറൽ ജില്ലാ പൊലീസ് അന്വേഷണമാരംഭിച്ചത്.
കൂടുതലായും ഓൺലൈൻ പർച്ചേസ് നടത്തുന്നവരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് സൂചന. വ്യാജ ലേബലുകൾ അച്ചടിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധനങ്ങൾ ഓൺലൈനിൽ വാങ്ങിയവരെ തേടി ഗിഫ്റ്റ് വൗച്ചറുകളും എസ്.എം.എസും എത്തുന്നതാണ് തട്ടിപ്പ് തിരിച്ചറിയാൻ വൈകുന്നത്. അപ്പോഴേയ്ക്കും ജി.എസ്.ടി, പ്രൊസസിംഗ് ഫീ, ഹാൻഡിലിംഗ് ചാർജ് എന്നൊക്കെ പറഞ്ഞ് നല്ലൊരു തുക തട്ടിയെടുത്തിരിക്കും.
ജാർഖണ്ഡ്, ബീഹാർ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനമായി ലഭിച്ച വ്യാജ കോളുകൾ വരുന്നത്. ഇത് കണ്ടെത്തി കുറ്റവാളികളെ തിരിച്ചറിയാനും തെളിയിക്കാനും വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് റൂറൽ പൊലീസ് മുന്നറിയിപ്പ് നൽകി. അതിനാൽ തട്ടിപ്പിൽ വീഴാതെ നോക്കണമെന്ന് പൊലീസ് അറിയിച്ചു.
അമേരിക്കയിൽ നിന്നും പാർസൽ എത്തിയിട്ടുണ്ടെന്നും ജി.എസ്.ടി തുകയായി 20,500 രൂപ അടക്കണമെന്നും അറിയിച്ച് ചുണങ്ങംവേലി സ്വദേശിയായ ബിരുദ വിദ്യാർത്ഥി ബോബനെ കബളിപ്പിക്കാൻ രണ്ടുമാസം മുമ്പ് ശ്രമം നടന്നിരുന്നു. പണം അടക്കാൻ അറിയിച്ച ബാങ്കിന്റെ ആലുവ ശാഖയിലെത്തി ഫോൺ വിളിച്ചയാൾ നൽകിയ അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോഴാണ് ബ്‌ളാക്ക് ലിസ്റ്റിൽപ്പെട്ട അക്കൗണ്ടാണെന്ന് ബോദ്ധ്യമായി. ഇതേത്തുടർന്നാണ് തട്ടിപ്പിൽ നിന്നും ബോബൻ രക്ഷപ്പെട്ടത്.