തൃക്കാക്കര : ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം. താലൂക്ക് തലത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലും കൊവിഡ് ഫ്ലൈയിംഗ് സ്‌ക്വാഡുകൾ രൂപീകരിക്കും. താലൂക്ക് തലത്തിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലും വില്ലേജ് / തദ്ദേശസ്വയം ഭരണ സ്ഥാപന തലത്തിൽ വില്ലേജ് ഓഫീസർ അല്ലെങ്കിൽ എൽ.എസ്. ജി സെക്രട്ടറിമാരുടെ നേതൃത്വത്തിലുമായിരിക്കും സ്‌ക്വാഡുകൾ രൂപീകരിക്കുന്നത്.

താലൂക്ക് തലത്തിലെ സ്‌ക്വാഡിൽ എൽ.ആർ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക്, പൊലീസ് എന്നിവർ അംഗങ്ങളായിരിക്കും. തദ്ദേശ തലത്തിൽ സെക്രട്ടറി, വില്ലേജ് ഓഫീസർ, പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥർ, പൊലീസ് ഓഫീസർമാരും അംഗങ്ങളായിരിക്കും.

# എല്ലാ ആഴ്ചയിലും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കണം

കൊവിഡ് ഫ്ലൈയിംഗ് സ്‌ക്വാഡുകളുടെ പ്രവർത്തന റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കണം. താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർ പ്രവർത്തനങ്ങൾ ഏകോപ്പിക്കും.

# വിവാഹങ്ങൾക്ക് 50 പേർ

ജില്ലയിൽ വിവാഹങ്ങൾക്ക് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരെയും മാത്രമേ അനുവദിക്കൂ. കച്ചവട സ്ഥാപനങ്ങൾ പുറത്തു സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ ആളുകളെ അനുവദിക്കൂ. പരമാവധി ആളുകളുടെ എണ്ണം സ്ഥാപനങ്ങൾ പുറത്തു പ്രദർശിപ്പിക്കണം. സാനിറ്റൈസർ ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപനഉടമ ക്രമീകരിക്കണം.