ആലുവ: ഇല്ലിത്തോട് പാറമടയിലെ സ്‌ഫോടനത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർക്കും എക്‌സ്‌പ്ളോസീവ് കൺട്രോളർക്കുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പാറമടയിലെ ആവശ്യത്തിന് അനുമതിയുള്ളതിലധികം സ്‌ഫോടകവസ്തുക്കൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. സ്‌ഫോടകവസ്തുക്കൾ പ്രത്യേക അറയിലാണ് സൂക്ഷിക്കേണ്ടതെന്ന സുരക്ഷാമാനദണ്ഡം പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതേ കെട്ടിടത്തിൽ തൊഴിലാളികളെ പാർപ്പിക്കാൻ പാടില്ലെന്ന നിയമവും ലംഘിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ്.പി അറിയിച്ചു. റൂറൽ ജില്ലയിലെ പാറമടകളിൽ പൊലീസ് ടീമുകളായി തിരിഞ്ഞുള്ള പരിശോധന ഊർജിതമാക്കിയെന്നും എസ്.പി പറഞ്ഞു.