കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് ഭവനപദ്ധതി അഴിമതിക്കേസിൽ കരാറുകാരായ യൂണിടാക് കമ്പനി മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പൻ, ഭാര്യയും ഡയറക്ടറുമായ സീമ സന്തോഷ് എന്നിവരെ സി.ബി.ഐ വീണ്ടും ചോദ്യംചെയ്തു വിട്ടയച്ചു. കൊച്ചി ഓഫീസിൽ വൈകിട്ട് അഞ്ചോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഒമ്പതുവരെ നീണ്ടു.
കഴിഞ്ഞ 28നും ഇരുവരെയും രണ്ടരമണിക്കൂർ ചോദ്യംചെയ്തിരുന്നു. നിർമ്മാണകരാർ ലഭിക്കാൻ സ്വപ്ന സുരേഷ് ഉൾപ്പെടെ നടത്തിയ ഇടപെടലിൽ ഉന്നതർക്കുള്ള ബന്ധം സംബന്ധിച്ചും ചോദിച്ചതായാണ് വിവരം. ലൈഫ് മിഷൻ തൃശൂർ കോ ഓർഡിനേറ്റർ ലിൻസ് ഡേവിസ് സി.ബി.ഐ ഓഫീസിലെത്തി പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ഇന്നലെ കൈമാറി.