വിളപ്പിൽ:കുണ്ടമൺകടവ് പുതിയ പാലത്തിലേക്കുള്ള പി.ഡബ്ള്യു.ഡി അപ്രോച്ച് റോഡിന്റെ കൈവരി പൊളിച്ച് സ്വകാര്യ വ്യക്തി വീട്ടിലേക്ക് നിയമവിരുദ്ധമായി ഗേറ്റ് നിർമ്മിച്ചതായുള്ള ആക്ഷേപം വാസ്തവവിരുദ്ധമെന്ന് വിശദീകരണം. ഇതോടെ,​ പൊതുമരാമത്തു വകുപ്പ് ബ്രിഡ്‌ജസ് ഡിവിഷനു നൽകിയ അപേക്ഷ അനുസരിച്ച്,​ ഇക്കഴിഞ്ഞ ആഗസ്റ്റ് 17 ന് വകുപ്പ് എൻജിനിയറുടെ അനുമതി ഉത്തരവോടു കൂടിയാണ് കൈവരിയുടെ ഭാഗം പൊളിച്ചതെന്ന് വ്യക്തമായി.

വീട്ടിലേക്ക് വാഹനം കയറ്റുന്നതിന് കൈവരിയുടെ 3.30 മീറ്റർ ഭാഗം പൊളിച്ചുനീക്കാൻ അനുമതിക്കായി ചട്ടപ്രകാരം നൽകിയ അപേക്ഷയിലായിരുന്നു ഡി.ബി 1- 167/ 2020 നമ്പറിൽ അസി. എക്സിക്യുട്ടീവ് എൻജിനിയർ പുറപ്പെടുവിച്ച നിയമാനുസൃത ഉത്തരവ്. ഇതു പ്രകാരം നിബന്ധനകൾ പാലിച്ച് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് വീട്ടിലേക്ക് വഴി തുറന്നതെന്നും സ്വകാര്യവ്യക്തി അറിയിച്ചു. മാത്രമല്ല,​ ഇതുമായി ബന്ധപ്പെട്ട് താനും വിളപ്പിൽ ഗ്രാമപഞ്ചായത്തുമായി നിലവിൽ കേസുകളുണ്ടെന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം വ്യക്താക്കി.