തിരുവനന്തപുരം:ആറു വയസുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതുമായി ബന്ധപ്പെട്ടകേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.
ആലുവ എടത്തല പൊലീസ്സ്റ്റേഷൻ ഹൗസ് ഓഫീസർ സുബൈർ, ചൈൽഡ് വുമൺ പൊലീസ് ഓഫീസർ മഞ്ജു എന്നിവർ 22-ാം തീയതി തിരുവനന്തപുരത്ത് കമ്മിഷൻ മുമ്പാകെ ഹാജരാകണം. കുട്ടിയെ പത്തിലധികം പ്രാവശ്യംചോദ്യം ചെയ്ത പൊലീസ്,പ്രതിയായ ഭർതൃസഹോദരിയെ ഒരിക്കൽപോലുംചോദ്യം ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തില്ലെന്ന് കാട്ടി കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് നടപടി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ പൊലീസ് സ്വീകരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ആഗസ്റ്റ് 29നാണ് എസ്.എച്ച്.ഒ കുട്ടിയെ വീട്ടിലെത്തി ചോദ്യം ചെയ്തത്. 24ന് എടത്തല എസ്.എച്ച്.ഒയും വീട്ടിലെത്തി കുട്ടിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. നിലവിൽ പോക്സോ കേസന്വേഷണം എടത്തല സ്റ്റേഷനിൽ നിന്ന് മാറ്റി ആലുവ ഈസ്റ്റ് എസ്.എച്ച്.ഒക്ക് കൈമാറിയിരിക്കുകയാണ്. പ്രതിക്കെതിരെ പോക്സോ, ബാലനീതി നിയമങ്ങൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രണ്ട് കേസുകൾ ചാർജ് ചെയ്തെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല. അതേസമയം, പൊലീസ് വാഹനത്തിൽ യൂനിഫോമിൽ കുട്ടിയെചോദ്യം ചെയ്യരുതെന്ന നിയമം ലംഘിക്കപ്പെട്ടതായും ആരോപിക്കുന്നു. കുട്ടിയെ തനിച്ച് മുറിയിലിരുത്തി നാലു മണിക്കൂർ തുടർച്ചയായി ഈ ഉദ്യോഗസ്ഥൻചോദ്യം ചെയ്തതായും പരാതിയിൽ പറയുന്നു.