കൊച്ചി: ആഡംബര കാറുകളുടെ ലോകത്തെ വിഖ്യാത ഇറ്റാലിയൻ ബ്രാൻഡാണ് മസെരാറ്റി. റേസിംഗ് പെരുമയിലേക്ക് വീണ്ടും ചുവടുവയ്ക്കാനുള്ള മോഹവുമായി മസെരാറ്റി ഒരുക്കുന്ന സൂപ്പർകാറാണ് 'എം.സി20". മസെരാറ്റി കോഴ്സ് 20 എന്നതിന്റെ ചുരുക്കമാണ് എം.സി20.
ബട്ടർഫ്ളൈ ചിറക്-ഡോറുകളുമായി എത്തുന്ന ആദ്യ മസെരാറ്റി മോഡൽ എന്ന വിശേഷണം എം.സി20നുണ്ട്. പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തുക എന്ന വലിയ ലക്ഷ്യവും മനസിൽക്കണ്ട് മസെരാറ്റി ഒരുക്കിയ മോഡലാണിത്. ഫെരാരി വിട്ടൊഴിഞ്ഞതോടെ, 20 വർഷത്തിനിടെ ആദ്യമായി സ്വന്തമായി വികസിപ്പിച്ച എൻജിൻ ഉപയോഗിച്ച് നിർമ്മിച്ച മോഡലുമാണ് എം.സി20.
കാറിന്റ ഓരോ ഘടകവും സുന്ദരവും ആഡംബരം നിറഞ്ഞതും ഉന്നത നിലവാരമേറിയതുമാണ്. ഏത് കോണിൽ നിന്നുള്ള കാഴ്ചയും മനോഹരം. എൻജിന്റെ പെർഫോമൻസ് അത്യുഗ്രൻ. ഇന്ത്യയിലും എം.സി20 എത്തുമെന്ന സൂചന കമ്പനി നൽകിയിട്ടുണ്ട്.
നെപ്റ്റ്യൂൺ
മസെരാറ്റി സ്വന്തമായി വികസിപ്പിച്ച നെറ്റ്യൂണോ അഥവാ നെപ്റ്റ്യൂൺ എൻജിനാണ് എം.സി 20നുള്ളത്. 621 എച്ച്.പി കരുത്തുള്ള 3.0 ലിറ്റർ, വി-6 ട്വിൻ ടർബോചാർജ്ഡ് എൻജിനാണിത്. ഒപ്പമുള്ളത് 8-സ്പീഡ് ഡ്യുവൽ ക്ളച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ്. ഇലക്ട്രിക് എൻജിൻ ഓപ്ഷനും എം.സി 20ന് ഉണ്ടാകും.
2.9 sec
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് വെറും 2.9 സെക്കൻഡ്.
323 kmph
എം.സി20യുടെ പരമാവധി വേഗം.
₹2cr
ഏകദേശം രണ്ടുകോടി രൂപയായിരിക്കും എം.സി20ന് ഇന്ത്യയിൽ വില.