മുട്ടം: കാറിൽ മദ്യം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പരിശോധന നടത്തിയെങ്കിലും മദ്യം കണ്ടെത്താനായില്ല. ഇന്നലെ വാഗമണ്ണിൽ എത്തിയ ആലുവ യിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ കാറിൽ മദ്യം കടത്തുന്നതായി തൊടുപുഴ എക്സൈസ് ഓഫീസിൽ അജ്ഞാത വ്യക്തി ഫോണിൽ വിവരം അറിയിച്ചിരുന്നു. ഇതേ തുടർന്ന് വാഗമണ്ണിൽ നിന്ന് തിരികെ വന്ന വാഹനം എക്സൈസ് സംഘം മുട്ടം കോടതിക്കവലക്ക് സമീപം തടഞ്ഞ് പരിശോധന നടത്തിയെങ്കിലും മദ്യം കണ്ടെത്താനായില്ല. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആരെങ്കിലും തെറ്റായ വിവരം നൽകിയതാവാം എന്ന് എക്സൈസ് പറഞ്ഞു.