ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന നിരവധി പദ്ധതികൾ കഴിഞ്ഞ നാല് വർഷത്തിനിടെ നടപ്പിലാക്കിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ജില്ല രൂപീകൃതമായതിന് ശേഷം ഇത്രയധികം വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടാവില്ല. ഇതിന് സഹായകരമായത് കിഫ്ബിയാണ്. കിഫ്ബിയിലൂടെ ആയിരത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പലഘട്ടങ്ങളിലായി നടന്നുവരികയാണ്.
ജില്ലയുടെതന്നെ മുഖഛായ മാറുന്ന റോഡാണ് ഉടുമ്പൻചോല ചിത്തിരപുരം റോഡ്. ലോറേഞ്ചിനെയും ഹൈറേഞ്ചിനെയും മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് ആറ് പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്.154.22 കോടി രൂപയാണ് റോഡിനായി അനുവദിച്ചിരിക്കുന്നത്.
73 കോടി രൂപ ഫണ്ട് ലഭിച്ച കമ്പംമെട്ട് വണ്ണപ്പുറം റോഡിന്റെ എഴുകുംവയൽ വരെയുള്ള ആദ്യറീച്ചിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്റ്റേഡിയങ്ങൾക്കായി 50 കോടി രൂപയുടെ ഫണ്ടാണ് കിഫ്ബി വഴി ലഭ്യമാക്കിയിരിക്കുന്നത്.
കല്ലാർ ഗവ. ഹൈസ്കൂൾ, കല്ലാർ ഗവ. എൽ.പി സ്കൂൾ, നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, രാജാക്കാട് ഗവ. സ്കൂൾ, രാജാക്കാട് ഐ.ടി.ഐ, ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമ്മാണം, ഹൈടെക് ക്ലാസ് റൂമുകൾ എന്നിവയ്ക്കായി 20 കോടി രൂപ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.
ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസിന് കിഫ്ബിയുടെ രണ്ടുകോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിട സമുച്ചയവും നിർമ്മിച്ചു. നെടുങ്കണ്ടത്ത് പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിനായി 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്.