കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ നിന്നും കമുകും അടയ്ക്കയും അപ്രത്യക്ഷമാകുന്നു. ഉള്ള കർഷകർ പ്രതി സന്ധിയിലുമാണ്. കമുകിന് രോഗ ബാധ ഉണ്ടാകുന്നതാണ് ഇവിടുത്തെ അടയ്ക്ക ഡിമാൻഡ് കുറയാൻ കാരണം. കൊവിഡ് മൂലം അടയ്ക്ക ഇറക്കുമതി കേന്ദ്രം നിയന്ത്രിച്ചതിനാൽ അടയ്ക്കയ്ക്ക് വില വർദ്ധിച്ചിട്ടുണ്ട്.
പുതുതലമുറ വെറ്റിലമുറുക്കിലേക്ക് കാര്യമായി ആകർഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇന്നും പഴമക്കാരാണ് അടക്കയുടെ പ്രധാന ഉപഭോക്താക്കൾ. നിജം പാക്കുപോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ് കേരളത്തിൽ നിന്നും അടയ്ക്ക കയറ്റി അയയ്ക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ലൈസൻസികൾ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്ക ഉത്തരേന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്.
കേരളത്തിലെയും കർണാടകത്തിലെയും അടയ്ക്കയ്ക്ക് ഗുണമേന്മ കൂടുതലാണ്. പാൻ മസാലയ്ക്ക് നിരോധനം ഉണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റിലമുറക്ക് ഉത്തരേന്ത്യക്കാർക്ക് ശീലമാണ്. കേരളത്തിൽ ഇപ്പോൾ അടക്കയുടെ സീസണാണ്. എന്നാൽ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ നിന്ന് ലോഡ് കണക്കിന് അടയ്ക്ക ശേഖരിക്കുമ്പോൾ രോഗബാധയുടെ പേരിൽ തെക്കൻ ജില്ലകളിലെ അടയ്ക്ക വ്യാപാരം പ്രതിസന്ധിയിലാണ്.