പൊന്നാനിയുടെ വികസന സ്വപ്നങ്ങൾക്ക് നിറം ചാർത്തുകയാണ് കിഫ്ബി പദ്ധതികളെന്ന്പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു ഡസനോളം പദ്ധതികൾക്കാണ് കിഫ്ബി സഹായമുള്ളത്. 595.8 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനം നരിപ്പറമ്പിൽ സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയാണ്. 75 കോടി രൂപ ചെലവിലുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ 65 ശതമാനം നിർമ്മാണം പൂർത്തിയായി. ഈ വർഷം പ്ലാന്റ് കമ്മിഷൻ ചെയ്യും. ശുദ്ധീകരിച്ച ജലം പൊന്നാനി നിയോജകമണ്ഡലത്തിൽ മുഴുവനായും തവനൂർ നിയോജകമണ്ഡലത്തിലെ നാലുഗ്രാമപഞ്ചായത്തുകളിലും വിതരണം ചെയ്യാനാവും.ഇതിലേക്ക് 135 കോടി രൂപ കൂടി കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ആകെ 210 കോടി.
പൊന്നാനി അഴിമുഖം പടിഞ്ഞാറെക്കര സസ്പെൻഷൻ ബ്രിഡ്ജിന് 250 കോടി രൂപ അടങ്കൽതുക കണക്കാക്കുന്നു. പദ്ധതി ടെൻഡർ ഘട്ടമാണ്.ചമ്രവട്ടം പാലം മുതൽ പൊന്നാനി ഹാർബറിലേക്കെത്തുന്ന കർമ്മ പുഴയോര ബൈപാസിന്റെ രണ്ടാംഘട്ടമായ കനോലി കനാലിന് കുറുകെയുള്ള പാലത്തിന് 37 കോടി രൂപ അനുവദിച്ച് പ്രവൃത്തി തുടങ്ങി. നിള മ്യൂസിയം, മറൈൻ മ്യൂസിയം, സിവിൽ സർവീസ് അക്കാദമി, മൈനോറിറ്റി കോച്ചിംഗ് സെന്റർ, ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക് ആന്റ് സ്പോർട്സ് പാർക്ക്, അഞ്ച് കിലോമീറ്റർ നീളുന്ന പുഴയോര നടപ്പാത എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണിത്.
പുഴയോരപാതയിൽ നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയം അക്വാട്ടിക് ആന്റ് സ്പോർട്സ് പാർക്കിന് കിഫ്ബിയിൽ 12 കോടി രൂപ അനുവദിച്ചു.മത്സ്യത്തൊഴിലാളികൾക്കായി ആധുനിക രീതിയിലുള്ള ഫ്ളാറ്റ് സമുച്ചയത്തിന് 12.8 കോടി രൂപ അനുവദിച്ച് പ്രവൃത്തി തുടങ്ങി. പൂക്കൈതക്കടവിൽ കടവനാടിനെയുംവെളിയങ്കോടിനെയും ബന്ധിപ്പിക്കുന്ന പൂക്കൈതക്കടവ് പാലത്തിന് 25 കോടി രൂപയും ഒളമ്പക്കടവിൽ മാറഞ്ചേരിയെയും എടപ്പാൾ കോലൊളമ്പിനെയും ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിന് 32 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മൂക്കുതല, മാറഞ്ചേരി, തൃക്കാവ് ജി.എച്ച്.എസ് സ്കൂളുകളുടെയും വിവിധ പ്രൈമറി സ്കൂളുകളുടെയും കെട്ടിട നിർമ്മാണത്തിന് 17 കോടി രൂപ അനുവദിച്ചിട്ടുണ്ട്.