കിഫ്ബി തവനൂർ മണ്ഡലത്തിൽ വികസന വസന്തമുണ്ടാക്കിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ പറഞ്ഞു. 308 കോടി രൂപയുടെ വിവിധ പദ്ധതികൾ മണ്ഡലത്തിൽ പുരോഗമിക്കുന്നുണ്ട്. ഈ വർഷം ഡിസംബറോടെ മണ്ഡലത്തിലെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കും. കിഫ്ബി പദ്ധതികളുടെ പണം പൂർണ്ണമായും ഉപയോഗിക്കാനായി.
എടപ്പാൾ മേൽപ്പാലത്തിന് 13.68 കോടി രൂപ അനുവദിച്ചു. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരമായുമുള്ള ആദ്യത്തെ മേൽപ്പാലമാണിത്. പണി ഡിസംബറിൽ പൂർത്തിയാകും. ഒളമ്പക്കടവ് പാലത്തിനായി 32 കോടി രൂപ അനുവദിച്ചു. കോലൊളമ്പിനെയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന കോൾപാടത്തിന് മുകളിലൂടെയാണ് ഈ പാലം പണിയുന്നത്. പണി പുരോഗമിക്കുന്നു. തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾക്കായുള്ള ഡാനിഡ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റും പമ്പിംഗ് മെയ്നും നിർമ്മാണം നരിപ്പറമ്പിൽ പുരോഗമിക്കുന്നുണ്ട്. 75 കോടിയുടെ പദ്ധതിയാണിത്. 52.78 കോടി രൂപ ചെലവിലാണ് പടിഞ്ഞാറേക്കര ഉണ്യാൽ തീരദേശറോഡ് പ്രവൃത്തി നടക്കുന്നത്. തവനൂർ ഗവ.കോളേജിൽ 11 കോടിയുടെ കെട്ടിട സൗകര്യങ്ങളും മറ്റും ഡിസംബറോടെ പണി പൂർത്തിയാവും. പുറത്തൂർ നായർതോട് പാലം പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 48 കോടിയാണ് ചെലവ്. അഴിമുഖത്തിനടുത്തായതിനാൽ ഇൻലാന്റ് നാവിഗേഷൻ അതോറിറ്റിയുടെ അനുമതി കൂടി വേണം. കേരളപ്പിറവി ദിനത്തിൽപണി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. തവനൂർ തിരുനാവായ പാലത്തിന് 50 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാമൂഹ്യാഘാത പഠനം പൂർത്തിയായി. അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്ഥലം ലഭ്യമായാൽ സിസംബറോടെ പണി തുടങ്ങാനാകും.