lll

മലപ്പുറം: കൊവിഡ് വ്യാപനഭീതി ശക്തമാവുന്നതിനിടെ ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയോളം പേരാണ് ദിനംപ്രതി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നത്. ഒരാഴ്ച്ചയ്ക്കിടെ 4,​000ത്തോളം പേർ ചികിത്സ തേടി. ദിനംപ്രതി ശരാശരി 500നും 600നുമിടയിൽ പേർ ആശുപത്രികളിൽ എത്തുന്നുണ്ട്. ജൂലായിൽ ശരാശരി 250 പേരായിരുന്നു ചികിത്സ തേടിയിരുന്നത്. പനിബാധിതരുടെ എണ്ണം ഉയരാറുള്ള ജൂൺ,​ ജൂലൈ മാസങ്ങളേക്കാൾ ഉയർന്ന നിരക്കാണിപ്പോൾ. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം കൂടിയെടുത്താൻ പനിനിരക്ക് ഇനിയും ഉയരും.

കൊവിഡിന് പിന്നാലെ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരുന്നു. മൺസൂൺ കാലയളവിൽ ദിനംപ്രതി 2000ത്തോളം പേർ ചികിത്സ തേടാറുണ്ട്. വൈറൽ പനി കൊവിഡ് ലക്ഷണമായി വിലയിരുത്തുമോയെന്ന ഭയത്തിലാണ് പലരും ചികിത്സ തേടാതിരുന്നത്. സ്വയംചികിത്സ നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഇതിനെതിരെ ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തിയിരുന്നു. മഞ്ചേരി മെ‌ഡിക്കൽ കോളേജടക്കം ജില്ലയിലെ പ്രധാന ആശുപത്രികൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയും കൂടിയിരുന്നു.

മൂളിപ്പറന്ന് ഡെങ്കി

ഇടവിട്ടുള്ള മഴയും വെയിലും ജില്ലയിൽ കൊതുകുകളുടെ വളർച്ചയ്ക്ക് സഹായകമാവുന്നുണ്ട്. പരിസര ശുചീകരണത്തിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഡെങ്കിപ്പനി കൂടാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നു. ഈ മാസം ഡെങ്കി പനി കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഡെങ്കി പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനിടെ നാല് എലിപ്പനി കേസുകളുണ്ടായതും ആശങ്കപ്പെടുത്തുന്നു. അമരമ്പലം,​ വഴിക്കടവ്,​ ചുങ്കത്തറ,​ മൂത്തേടം എന്നിവിടങ്ങളിലാണിത്. ഒരാഴ്ച്ചയ്ക്കിടെ അതിസാരവുമായി 530 പേർ ചികിത്സ തേടി. അതേസമയം മഞ്ഞപ്പിത്തം കേസുകൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.