police

ചെറുതോണി : കേരളാ കോൺഗ്രസ് ജോസ് ജോസഫ് തർക്കം ചെറുതോണിയിൽ പ്രതിഷേധ പ്രകടനത്തിനും പൊലീസുമായി ഉന്തും തള്ളിനും കാരണമായി. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ കേരളാ കോൺഗ്രസ് (എം) ജോസ് കെ. മാണി ചെയർമാനായ പാർട്ടിയാണ് എന്നറിയിച്ചിട്ടും പാർട്ടിയുടെ പേര് ഉപയോഗിച്ച് ഒരു വിഭാഗം ആളുകൾ ചെറുതോണിയിൽ നടത്തുന്നുവെന്നാരോപിച്ച് സമര പന്തലിലേക്ക് നന്നലെ യൂത്ത്ഫ്രണ്ട് (എം) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സമരപന്തലിന് നൂറ് മീറ്റർ അകലെപൊലീസ് പ്രകടനം തടഞ്ഞു. ഇതേത്തുടർന്ന് യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
കേന്ദ്ര ഇലക്ഷൻ കമ്മീഷൻ കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി ചെയർമാനായ പാർട്ടിക്ക് അനുവദിച്ച് നൽകിയിട്ടും ഒരു വിഭാഗം ആളുകൾ പാർട്ടിയുടെ പേര് ഉപയോഗിച്ച് നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുമാണ് യൂത്ത്ഫ്രണ്ട് (എം) ജില്ലാപ്രസിഡന്റ് ഷിജോ തടത്തിൽ ഇടുക്കി സി.ഐ ക്ക് പരാതിയും നൽകി.
തുടർന്നും പാർട്ടിയുടെ പേര് ദുർവിനിയോഗം ചെയ്താൽ നാളെ 12 മണിക്ക് ജില്ലയിലെ യൂത്ത്ഫ്രണ്ട്(എം) പ്രവർത്തകരുടെ നേതൃത്വത്തിൽ സമരപന്തലിലേക്കും പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തുമെന്നും യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി അറിയിച്ചു.
പ്രതിഷധ പ്രകടനത്തിൽ ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ,സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോഷി മണിമല, ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ ജോളി, ജില്ലാ സെക്രട്ടറി ഇ.പി നാസർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആനന്ദ് വടശ്ശേരിയിൽ, പ്രിൻസ് ജോസഫ്, ജിന്റു ജോസ്, ഡിജോ വട്ടോത്ത്, ലിജോ കളപ്പുരയിൽ, മാത്യു അറക്കൽ, കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ് ആൽബിൻ വറപോളയ്ക്കൽ, ജനറൽ സെക്രട്ടറി അഖിൽ ജോർജ്ജ്, അനന്ദു സജീവൻ, റോഷൻ ചുമപ്പുങ്കൽ, എബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.