സർവ്വജനക്ഷേമ പ്രാർത്ഥനയജ്ഞമായി ആഘോഷിക്കും

തൊടുപുഴ: ശ്രീനാരായണ ഗുരുദേവ ജയന്തി എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ പ്രതിമാ മന്ദിരത്തിൽ ഇന്ന് രാവിലെ 8.30 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവ്വജനക്ഷേമ പ്രാർത്ഥനയജ്ഞമായി ആഘോഷിക്കും .സഹസ്ര മഹാഗുരുപൂജ, സമൂഹപ്രാർത്ഥന ,അഖണ്ഡനാമജപയജ്ഞം എന്നിവ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.ഒൻപതിന് യൂണിയൻ മന്ദിരത്തിൽ ചെയർമാൻ ഏ. ജി. തങ്കപ്പൻ പതാക ഉയർത്തും യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ.സോമൻ, കൺവീനർ വി. ജയേഷ് , കമ്മിറ്റിയംഗങ്ങളായ ഷാജികല്ലാറയിൽ ,സി. പി .സുദർശനൻ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. യൂണിയന് കീഴിലെ 46 ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും സമൂഹപ്രാർത്ഥന, വിശേഷാൽ ഗുരുപൂജ ,പതാക ഉയർത്തൽ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും. ഭവനങ്ങളിൽ ഗുരുദേവ ഛായാചിത്രത്തിനു മുൻപിൽ ദീപം തെളിയിച്ച് സമൂഹപ്രാർത്ഥന നടക്കുമെന്നും ചടങ്ങുകളിൽ നിർബന്ധമായും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ച് പങ്കെടുക്കണമെന്നും യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.