തൊടുപുഴ: ജില്ലയിലുടനീളം കോൺഗ്രസ്സ് പാർട്ടിയുടെ ഓഫീസുകൾ തകർത്ത സി.പി.എം നടപടി പ്രതിക്ഷേധാർഹമാണെന്നും ഇതു കൊണ്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ കഴിയില്ലെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. തൊടുപുഴ രാജീവ് ഭവൻ കല്ലെറിഞ്ഞു തകർക്കുന്നത് നോക്കി നിന്ന പൊലീസ് അക്രമികളെയും, സി.പി.എം ഗുണ്ടകളെയും പിന്തിരിപ്പിക്കാനോ ചെറുക്കാനോ തുനിഞ്ഞില്ല, സി.പി.എം നേതൃത്വത്തിന്റെ അറിവോടെ യാണ് പൊലീസിനെ നോക്കുകുത്തിയാക്കി ഓഫീസിനെതിരെ അക്രമം അഴിച്ചുവിട്ടത്. കട്ടപ്പനയിലെ രാജീവ് ഭവൻ, കുമളി കൊല്ലംപട്ടടയിലെ ഓഫീസ് എന്നിവയും കല്ലെറിഞ്ഞു തകർത്തു. വണ്ടിപെരിയാർ, ഇരട്ടയാർ, കുമളി, ഇടവെട്ടി തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടിയുടെ കൊടിമരങ്ങൾ തകർത്തു. പൊലീസിന്റെ പക്ഷാപാതപരമായ നടപടികൾക്കെതിരെയും, അക്രമികൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് ഡി.സി.സി യുടെ നേതൃത്വത്തിൽ സെപ്തംബർ ഏഴിന് രാവിലെ 11 ന് എസ്.പി. ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.