തൊടുപുഴ: കാർ യാത്രികരുടെ ക്രൂരമർദ്ദനത്തിൽ ജനയുഗം ജില്ലാ ലേഖകന് ഗുരുതരപരിക്ക്. ജില്ലാ ലേഖകൻ കരിമണ്ണൂർ വട്ടക്കുടിയിൽ ജോമോൻ വി.സേവ്യറിനാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. പരിക്കേറ്റ ജോമോനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിപത്ത് മണിയോടെ ബാഡ്മിന്റൺ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങും വഴികരിമണ്ണൂർ മാണിക്കുന്നേൽ പീടികയ്ക്ക് സമീപം വെച്ചാണ് ജോമോന് നേരെആക്രമണം ഉണ്ടായത്. ഓവർടേക്ക്‌ചെയ്തത് സംബന്ധിച്ച് കാർ യാത്രികരും ബൈക്ക് യാത്രികരും തമ്മിൽ സംഘർഷം നടക്കുന്നതിനിടയ്ക്ക് അതുവഴി വന്ന ജോമോനെ കാർയാത്രികർ മർദ്ദിക്കുകയായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽജോമോന്റെ തലയ്ക്കും മുഖത്തിനും സാരമായി പരുക്കേറ്റു. ആക്രമണംസംബന്ധിച്ച് ശാസ്താംപാറ സ്വദേശികളായ രണ്ട് പേർക്കെതിരെ കരിമണ്ണൂർ പൊലീസ്കേസെടുത്തു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു. ജോമോനെ അകാരണമായി മർദിച്ച ക്രിമിനൽ സംഘത്തിനെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് എം.എൻ സുരേഷും ജില്ലാ സെക്രട്ടറി വിനോദ് കണ്ണോളിയും ആവശ്യപ്പെട്ടു.