e

തൊടുപുഴ: ഇനി വഴിയരുകിൽ പാത്ത് കിടന്ന് ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്തേണ്ട. ആധുനിക സാങ്കേതിക സജ്ജീകരണത്തോടെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഇപോസ് (പോയിന്റ് ഓഫ് സെയ്ൽ) മെഷീൻ ഉപയോഗിച്ചുള്ള വാഹന പരിശോധന ജില്ലയിലും ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന പൂർണമായും കമ്പ്യൂട്ടർവത്കരിച്ച് നിയമലംഘനങ്ങൾ കണ്ടെത്തി വാഹന ഉടമകളെ കൊണ്ട് പിഴയടപ്പിക്കാനാണ് ഇ പോസ് മെഷീൻ ഉപയോഗിക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇപ്പോൾ അടിയന്തിര സാഹചര്യത്തിൽ മാത്രമാണ് വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധന നടത്തുന്നത്. ഇ പോസ് മെഷീൻ ഉപയോഗിച്ചുള്ള വാഹന പരിശോധനയിൽ രേഖകൾ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. അതിനാൽ വാഹനത്തിന് ഏതൊക്കെ രേഖകൾ നിലവിലുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുകയും ചെയ്യും. കണ്ടെത്തുന്ന നിയമലംഘനങ്ങളും പിഴ ഉൾപ്പെടെയുള്ള വിവരങ്ങളും അപ്പോൾ തന്നെ വാഹന ഉടമയുടെ രജിസ്‌ട്രേഡ് മൊബൈൽ നമ്പരിൽ സന്ദേശമായെത്തും. നിയമലംഘനം കണ്ടെത്തിയാൽ പിഴത്തുക എത്രയാണെന്നത് സംബന്ധിച്ചും ഉടമയ്ക്ക് സന്ദേശം ലഭിക്കും. നിലവിൽ ഫോൺ നമ്പർ നൽകിയിട്ടില്ലാത്ത വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ 'വാഹൻ' സൈറ്റിലോ, അക്ഷയ സേവന കേന്ദ്രം വഴിയോ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം. ഒരേ നിയമലംഘനം ഒന്നിലേറെ തവണ ആവർത്തിച്ചാൽ ഭീമമായ തുകയും വാഹന ഉടമകൾ അടയ്ക്കേ തായി വരും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഏതാനും മാസങ്ങളുമായി കൊവിഡുമായി ബന്ധപ്പെട്ടുള്ള പൊതു പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനാൽ വാഹന പരിശോധനയും മറ്റും കൂടുതൽ കാര്യക്ഷമമായി നടന്നിരുന്നില്ല. എന്നാൽ കൊവിഡിന്റെ മറവിൽ ഗതാഗത നിയമലംഘനങ്ങൾ കൂടുതൽ നടക്കാനിടയുള്ള സാഹചര്യത്തിൽ നിരത്തുകളിൽ ഇപോസ് മെഷീൻ ഉപയോഗിച്ചുള്ള വാഹന പരിശോധന കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂടുതൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. മോട്ടോർ വാഹനവകുപ്പിന്റെ വാഹനമായ ഇന്റർസെ്ര്രപറിലാണ് ഇപോസ് മെഷീൻ ക്രമീകരിച്ചിരിക്കുന്നത്.

ഇ പോസ് മെഷ്യന്റെ ലക്ഷ്യം.....
ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കൽ, പിൻസീറ്റ് യാത്ര, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ, രജിസ്ട്രേഷൻ നമ്പരുകൾ ശരിയായ രീതിയിലും വലിപ്പത്തിൽ പ്രദർശിപ്പിക്കാതിരിയ്ക്കൽ, രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓടിയ്ക്കുക, കോവിഡ് മാർഗ നിർദേശങ്ങളുടെ ലംഘനം, പൊതു ഗതാഗത നിയമങ്ങൾ ലംഘിക്കുക തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളും ഇപോസ് മെഷീനിൽ പതിയും. ഫോട്ടോ എടുക്കുമ്പോൾ തന്നെ വാഹന നമ്പർ മെഷീനിൽ തെളിയും.
''ഇ പോസ് സംവിധാനം ജനത്തിന് ഏറെ പ്രയോജനകരമാണ്, ഏറ്റവും സുതാര്യമായിട്ടാണ് ഇതിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
ഹരികൃഷ്ണൻ, എൻഫോഴ്‌സ്‌മെന്റ്,
ആർ ടി ഒ, ഇടുക്കി.