തൊടുപുഴ: ഭൂമി പതിവു ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ചെറുതോണിയിൽ നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ നിന്ന് ജോസ് വിഭാഗം മാറിനിൽക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ അടിയന്തര നേതൃയോഗത്തിൽ പി.ജെ ജോസഫ് എം.എൽ.എ പറ‍ഞ്ഞു. ജില്ലയിലെ കർഷകരുടെ ഭൂമിയ്ക്ക് പ്രായോഗികമായി പ്രയോജന രഹിതമാകുന്ന ഭൂനിയമങ്ങൾ ഭേദഗതി ചെയ്യാതെ മുന്നോട്ടു പോകാനാവില്ല. ചെറുതോണിയിലെ പാർട്ടി സമരത്തിനെതിരെ നടത്തുന്ന നീക്കങ്ങൾ കർഷകരുടെ ആവശ്യങ്ങളിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കുന്നതിന് തുല്യമാണ്. അവർ ഇതിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളകോൺഗ്രസ് ( എം) ചെയർമാൻ എന്ന സ്ഥാനം ഉപയോഗിക്കുകയോ പ്രവർത്തനം നടത്തുകയോ ചെയ്യരുതെന്ന് ഇടുക്കി മുൻസിഫ് കോടതിയുടെ വിധി ഇന്നും നിലനിൽക്കുകയാണെന്നും ജോസ് വിഭാഗക്കാർ അഹങ്കാരവും അക്രമവും വെടിയണമെന്നും ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് ആവശ്യപ്പെട്ടു.