yogam

തൊടുപുഴ: മാദ്ധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ഇടുക്കി പ്രസ് ക്ലബിൽ പ്രതിഷേധ യോഗം ചേർന്നു. ജനയുഗം ജില്ലാ ലേഖകൻ ജോമോൻ വി. സേവ്യറിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു യോഗം. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നിട്ടും നിസാര വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിനോദ് കണ്ണോളി, വൈസ് പ്രസിഡന്റ് ജെയിസ് വാട്ടപ്പിള്ളി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹാരിസ് മുഹമ്മദ്, അഷ്രഫ് വട്ടപ്പാറ, ഏഞ്ചൽ അടിമാലി, അഖിൽ സഹായി, പത്രപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് ബാസിത് ഹസൻ എന്നിവർ പങ്കെടുത്തു.