കട്ടപ്പന: മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന സന്ദേശം ലോകത്തിനു പകർന്നുനൽകിയ ശ്രീനാരായണഗുരുദേവന്റെ ജയന്തി ദിനം എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയനിൽ ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 38 ശാഖായോഗങ്ങളിലും ശ്രീനാരായണ ഭവനങ്ങളിലും ചടങ്ങുകൾ നടത്തി. മലനാട് യൂണിയൻ ആസ്ഥാന മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പതാക ഉയർത്തി. കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മുക്തമാകട്ടെയെന്നും ഗുരുദേവന്റെ കാലാതീതമായ ദിവ്യസന്ദേശങ്ങൾ ജീവിതത്തിൽ മാതൃകയാക്കുക എന്നതാണ് നമ്മുടെ കടമയാണെന്നും ശുദ്ധിയേക്കുറിച്ച് ഗുരുദേവൻ പറഞ്ഞിട്ടുള്ള സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ.സോമൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, വനിതസംഘം പ്രസിഡന്റ് സി.കെ വത്സ, യൂണിയൻ കൗൺസിലർ സതീഷ്, കട്ടപ്പന, കൊച്ചുതോവാള, വെള്ളയാംകുടി, കട്ടപ്പന നോർത്ത്, പുളിയന്മല എന്നീ ശാഖായോഗങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, എസ്.എൻ. ക്ലബ് പ്രസിഡന്റ് ബിനീഷ്, സൈബർ സേന കൺവീനർ അരുൺകുമാർ എന്നിവർ പങ്കെടുത്തു.
കട്ടപ്പനയിലെ ഗുരുദേവകീർത്തി സ്തംഭത്തിൽ രാവിലെ മഹാഗുരുപൂജ, വിശേഷാൽ പൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. 38 ശാഖായോഗങ്ങളിലും രാവിലെ പതാക ഉയർത്തി. ഗുരുദേവ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർഥനകളും ഗുരുദേവ കൃതികളുടെ പാരായണവും നടത്തി.