മുള്ളരിങ്ങാട്: സെന്റ് മേരീസ് പള്ളി തർക്കത്തെ തുടർന്ന് യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ മുള്ളരിങ്ങാട് സംഘർഷം. പള്ളിയുടെ നാമഫലകം നീക്കം ചെയ്യാനുള്ള ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം തടയാൻ ശ്രമിച്ചതാണ് സഘർഷത്തിൽ കലാശിച്ചത്. കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗത്തിന് ഒന്നര മാസം മുമ്പ് പള്ളി കൈമാറിയിരുന്നു. എന്നാൽ പള്ളിയുടെ പേരടങ്ങിയ പഴയ ബോർഡ് മാറ്റിയില്ലായിരുന്നു. ഇത് നീക്കം ചെയ്യാൻ ഓർത്തഡോക്‌സ് വിഭാഗം ശ്രമിച്ചു. കൂടാതെ പള്ളി സ്ഥലവും പൊതു വഴിയും വേർതിരിക്കാൻ സ്ഥാപിച്ചിരുന്ന വേലിക്കല്ലും കമ്പിവേലിയും അറുത്തു നീക്കാനും ശ്രമിച്ചു. തുടർന്ന് സംഘടിച്ചെത്തിയ യാക്കോബായക്കാർ പള്ളിക്കവാടത്തിലെ പേരെഴുതിയ ബോർഡ് പുനഃസ്ഥാപിക്കുകയും നശിപ്പിച്ച വേലി പുനർനിമ്മിക്കുകയും ചെയ്തു. ഇത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിനിടയാക്കിയപ്പോൾ കാളിയാർ എസ്.ഐ വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.