ഇടുക്കി: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ കല്ലെറിഞ്ഞു തകർക്കുകയും കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്ത സി.പി.എം നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ഒമ്പതിന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ സത്യാഗ്രഹ സമരം നടത്തും. തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ആസ്ഥാനമായ രാജീവ് ഭവൻ, കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസ്, കുമളി കൊല്ലം പട്ടടയിലെ പാർട്ടി ആഫീസ്, വണ്ടിപ്പെരിയാർ, കുമിളി, ഇടവെട്ടി, ആലക്കോട്, ഇരട്ടയാർ, പാമ്പനാർ എന്നിവിടങ്ങളിലെ കൊടി മരങ്ങൾ തുടങ്ങിയവയാണ് നശിപ്പിച്ചത്. പലയിടത്തും അക്രമങ്ങൾ നടത്തിയവരെ പിന്തിരിപ്പിക്കാതെ പൊലീസ് നോക്കി നിൽക്കുകയായിരുന്നവെന്ന ആരോപണമുണ്ട്.സത്യാഗ്രഹം കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും. സമാപനം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ ഡീൻ കുര്യാക്കോസ് എം.പി, ഇ.എം. അഗസ്തി, ജോയ് തോമസ്,​ അഡ്വ.എസ്. അശോകൻ,​ സുലൈമാൻ റാവുത്തർ, സി.പി. മാത്യു തുടങ്ങിയവർ വിവിധ സമയങ്ങളിൽ പങ്കെടുക്കും. ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ആദ്ധ്യക്ഷത വഹിക്കും.