തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലും യൂണിയന് കീഴിലെ 46 ശാഖകളിലും ഗുരുദേവക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ആഘോഷിച്ചു. രാവിലെ 8.30ന് യൂണിയൻ പ്രതിമാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ വൈക്കം ബെന്നി ശാന്തി മുഖ്യകാർമികത്വം വഹിച്ചു. സർവ്വജനക്ഷേമ പ്രാർത്ഥനായജ്ജം, സമൂഹപ്രാർത്ഥന ചടങ്ങുകളിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർ വി. ജയേഷ്, പോഷക സംഘടനാ ഭാരവാഹികളായ പി.ജെ. സന്തോഷ്, കെ.പി. സന്തോഷ്, ശരത്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഒമ്പതിന് യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ പതാക ഉയർത്തി. ചെറായിക്കൽ ക്ഷേത്രത്തിൽ യൂണിയൻ കൺവീനർ വി. ജയേഷിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ സഹസ്ര മഹാഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു. നാഗപ്പുഴ ശാഖയിലെ പാലാക്കുഴിയിൽ പുതിയതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം യുണിയൻ കൺവീനർ വി. ജയേഷ് വി.നിർവ്വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ ഏകാത്മകം കുട്ടികൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഫലകവും വിതരണം ചെയ്തു. ശാഖാ- പോഷക സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. കഞ്ഞിക്കുഴി ശാഖയിൽ വിശേഷാൽ ഗുരു പൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. പ്രളയകാലത്തു വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ശാഖയും വനിതാ സംഘവും ചേർന്ന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും ജയന്തി ദിനത്തിൽ നടന്നു. ചിറ്റൂർ ശാഖയിൽ നടന്ന ചടങ്ങിൽ നിർധനരായ കുട്ടിക്ക് പഠനസൗകര്യത്തിന് ശാഖാ ഭാരവാഹികൾ ടി.വി കൈമാറി. എകാത്മകത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ശാഖകളിൽ വേൾഡ് ഗിന്നസ് റെക്കാഡ് സർട്ടിഫിക്കറ്റ് വിതരണവും എസ്.എസ്.എൽ.സി , പ്ലസ്ടുവിന് മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു.