butterfly
മറയൂർ മേഖലയിൽ നിന്ന് നാഷണൽ പാർക്കിന്റെ ഭാഗത്തേയ്ക്ക് ചിത്രശലഭങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതിനിടയിൽ പുല്ലുകളിൽ വിശ്രമിക്കുന്നു.

മറയൂർ: മഴനിഴൽ പ്രദേശമായ ചിന്നാർ വന്യജീവി സങ്കേതത്തിൽ ചിത്രശലഭങ്ങളുടെ പലായനം ആരംഭിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി മേഖലയായ മറയൂരിൽ നിന്നാണ് കഴിഞ്ഞ ദിവസം ചിത്രശലഭങ്ങളുടെ പലായനം ആരംഭിച്ചത്. ഡാർക്ക് ബ്ലൂ ടൈഗർ, ബ്ലൂ ടൈഗർ, കോമൺ ക്രോ, പേൾ ടൈഗർ തുടങ്ങിയവയാണ് കൂട്ടത്തോടെ പലായനം ചെയ്തത്. ഇതിൽ ഏറിയ പങ്കും ബ്ലൂ ടൈഗറാണ്. തമിഴ്നാടിന്റെ അതിർത്തി പ്രദേശവും ചൂടേറിയതുമായ ചിന്നാർ കരിമുട്ടി ഭാഗങ്ങളിൽ നിന്നും തണുപ്പുള്ള സമീപത്തെ നാഷണൽ പാർക്കിലെ ചോല വനങ്ങളും പുൽമേടുകളും ലക്ഷ്യമാക്കിയാണ് ഇവ പലായനം ചെയ്തത്. ഇവയുടെ പലായനം നാല് മണിക്കൂറോളം നീണ്ടു നിന്നു.
അസഹനീയമായ കാലാവസ്ഥ കൊണ്ടും ഇണചേരുന്നതിന് അനുയോജ്യമായ കാലാവസ്ഥ തേടിയാണ് ഇവർ സാധാരണയായി പലായനം ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ ഏകദേശം 44 തരം ചിത്രശലഭങ്ങൾ ഇങ്ങനെ കൂടുവിട്ട് കൂട്തേടാറുണ്ട്.അവ കൂട്ടത്തോടെ ചില മരങ്ങളിലും ചെടികളിലും വിശ്രമിക്കാറുണ്ട്. ഇത്തരം കൂട്ടത്തോടെയുള്ള ചിത്രശലഭങ്ങളുടെ പലായനത്തിൽ വ്യാപകമായ പരാഗണവുംസാദ്ധ്യമാകും.
ശലഭങ്ങൾ കൂട്ടത്തോടെ എത്തിയാൽ ആവർഷം നല്ലമഴലഭിക്കൂമെന്നാണ് മറയൂർ മലനിരകളിലെ ആദിവാസികളുടെ വിശ്വാസം. ആദിവാസികളുടെ വിശ്വാസത്തിന് ശാസ്ത്രീയ വശവും പരിസ്ഥിതി നിരീക്ഷകർ ശരിവെക്കുന്നു. കാടുകളിലെ കടുത്ത മഴയെ അതിജീവിക്കാനായാണ് കൂട്ടമായി ഇവ സമതല പ്രദേശങ്ങളിലേക്ക് പറക്കുന്നത്. 2005 ലാണ് ചിന്നാറിലെ ശലഭ ദേശാടനം പഠന വിധേയമാക്കിയത്. ഡോ. കൃഷ്ണ മേഘകുണ്ടേ നടത്തിയ നിരീക്ഷണത്തിൽ മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം ശലഭങ്ങൾ കടന്നു പോയതായി രേഖപ്പെടുത്തിയിരുന്നു.