തൊടുപുഴ: 50 കിലോ കഞ്ചാവും 400 ഗ്രാം ഹാഷിഷ് ഓയിലും കാറിൽ കടത്താൻ ശ്രമിച്ച യുവാവിനെ എക്സൈസ് പിടികൂടി. കരിമണ്ണൂർ നെയ്ശേരി ഇടനയ്ക്കൽ ഹാരിസ് നാസറാർണ് (25) അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 7.20ന് വെങ്ങല്ലൂർ- കോലാനി ബൈപാസിലെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ അറസ്റ്റിലായത്. പരിശോധനയ്ക്കിടെ നിറുത്താതെ പോയ കാറിനെ പിന്തുടർന്ന എക്‌സൈസ് സംഘം വെങ്ങല്ലൂർ സിഗ്നലിന് സമീപം തടയുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവും 12 ചെറിയ കുപ്പി ഹാഷിഷ് ഓയിലും കണ്ടെത്തി. കഞ്ചാവിന് ആഭ്യന്തരവിപണിയിൽ 25 ലക്ഷം രൂപ വില വരും. തൊടുപുഴ സ്വദേശിക്കായാണ് കഞ്ചാവ് കൊണ്ട് വന്നതെന്നാണ് വിവരം. കേരളത്തിന് പുറത്തു നിന്ന് എത്തിച്ചതാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു. അതിനിടെ എക്സൈസ് നടപടി തടസപ്പെടുത്തിയ മാർട്ടിൻ എന്നയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. സംഭവത്തിൽ കുടുതൽ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.പി. സുദീപ് കുമാർ പറഞ്ഞു.