തൊടുപുഴ: തൊടുപുഴ മേഖലയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഇന്നലെ തൊടുപുഴയിൽ വാഹനപരിശോധനയ്ക്കിടെ 50 കിലോ കഞ്ചാവും 400 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ സംഭവം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. തൊടുപുഴയിൽ ഇത്രയും വലിയ ലഹരിവേട്ട നടക്കുന്നത് ആദ്യമാണ്. 25 ലക്ഷത്തിലേറെ രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് എക്സൈസ് പിടികൂടിയത്. തൊടുപുഴ മേഖലയിൽ വൻതോതിൽ ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കാം. പിടിയിലായ പ്രതി കരിമണ്ണൂർ നെയ്ശേരി സ്വദേശിയാണ്. തിരുവോണദിവസം വീട്ടിലേക്ക് പോവുകയായിരുന്ന മാദ്ധ്യമപ്രവർത്തകനെ കരിമണ്ണൂരിൽ അകാരമായി ക്രൂരമായി ആക്രമിച്ചതും ലഹരിക്കടിമകളായവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. തൊടുപുഴ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സംഘത്തിന്റെ അതിക്രമം വർദ്ധിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അക്രമസംഭവങ്ങളിലെ പ്രതികളിൽ പലരും പണമുള്ളവരും സ്വാധീനമുള്ളവരുമാണ്. അവസാനം ഈ കേസുകളെല്ലാം ഒതുക്കി തീർക്കുകയാണ് പതിവ്. ലഹരിക്കടിമയായ ഈ പ്രതികൾ വീണ്ടും സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്ന കാഴ്ചയാണ് കാണാനാകുക. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു.

തൊടുപുഴയിൽ കേസുകൾ കൂടുന്നു

കഴിഞ്ഞ മാസം ജില്ലയിൽ രജിസ്റ്റർ ചെയ്ത എക്സൈസ് കേസുകളിൽ 19ൽ ഏഴും തൊടുപുഴ റേഞ്ചിന്റെ പരിധിയിൽ വരുന്നതാണ്. അടിമാലിയിൽ മൂന്ന് കേസുകളും മറയൂർ, മൂന്നാർ റേഞ്ച് ഓഫീസുകൾക്ക് കീഴിൽ രണ്ട് കേസുകൾ വീതവും ഉടുമ്പൻചോലയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5 കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം എക്‌സൈസ് സംഘം നടത്തിയ പരിശോധനകളിൽ ജില്ലയിൽ 76 അബ്കാരി കേസുകളും 19 എൻ.ഡി.പി.എസ് കേസുകളും എടുത്തതായിട്ടാണ് കണക്കുകൾ. 76 അബ്‌കാരി കേസുകളിലായി 66 പ്രതികളും 19 എൻ.ഡി.പി.എസ് കേസുകളിലായി 22 പ്രതികളുമുണ്ട്. 337.5 ലിറ്റർ വിദേശമദ്യമാണ് എക്‌സൈസ് സംഘം ആഗസ്റ്റ് മാസം നടത്തിയ പരിശോധനകളിൽ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. 281 ലിറ്റർ ചാരായവും 5225 ലിറ്റർ കോടയും കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. മൂലമറ്റം എക്‌സൈസ് റേഞ്ചിന് കീഴിൽ മാത്രം 130 ലിറ്റർ ചാരായം കണ്ടെത്തിയിരുന്നു.