 ഹാരിസ് തൊടുപുഴയിലെ പ്രധാന ഡീലർ

തൊടുപുഴ: തൊടുപുഴയിൽ ലഹരിവേട്ടയിൽ പിടികൂടിയ കഞ്ചാവും ഹാഷിഷ് ഓയിലും എത്തിച്ചത് ആന്ധ്രയിൽ നിന്ന്. പ്രതി ഹാരിസ് നാസർ ഇത് ആദ്യമായല്ല ഇത്രയും വലിയ തോതിൽ ലഹരി കടത്തുന്നതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ആന്ധ്രയിൽ നിന്ന് മൊത്തക്കച്ചവടക്കാരൻ ലോറിയിൽ പാലക്കാട് കഞ്ചിക്കോട് എത്തിച്ചു നൽകുകയാണ് പതിവ്. ആലുവയിൽ നിന്ന് ഹാരിസ് നാസർ വാടകയ്ക്കെടുക്കുന്ന കാറിൽ പാലക്കാട് എത്തിയ ശേഷം ലോറിക്കാരിൽ നിന്ന് സാധനം വാങ്ങും. തുടർന്ന് കാറിൽ തൊടുപുഴയിൽ എത്തിക്കും. പിന്നീട് ചെറിയ പൊതികളായി ചില്ലറ വിൽപ്പനക്കാർക്ക് നൽകുകയാണ് പതിവ്. ഇവിടെ സാധനം വാങ്ങുന്ന ചില്ലറ വിൽപ്പനക്കാർ ആരൊക്കെയാണെന്ന് പ്രതി എക്സൈസിനോട് പറഞ്ഞതായാണ് സൂചന. സ്ഥിരം കഞ്ചാവ് കേസ് പ്രതികളായ ചിലരുടെ പേരുകളാണ് ഇയാൾ പറഞ്ഞത്. ഇയാൾ ഒറ്റയ്ക്കാണോ കൂട്ടുപ്രതികളുണ്ടോയെന്നും കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തമാകൂ. കൂടുതൽ വിവരങ്ങൾ അറിയാനായി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ബുധനാഴ്ച തൊടുപുഴയിലുണ്ടായത്. എക്സൈസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് 50 കിലോ കഞ്ചാവും 386 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. ആഭ്യന്തര വിപണിയിൽ രണ്ടിനും കൂടി 60 ലക്ഷം രൂപ വിലവരും. ചില്ലറ കച്ചവടക്കാരിലേക്ക് എത്തുമ്പോൾ വില വീണ്ടും ഉയരും. ഓണത്തിനോടനുബന്ധിച്ച് തൊടുപുഴ മേഖലയിലേക്ക് വലിയ തോതിൽ ലഹരി എത്തുന്നുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ആരാണ് സുബിഭായ്

ചോദ്യം ചെയ്യലിനിടെ പ്രതി ഹാരിസ് പറഞ്ഞ സുബി ഭായ് ആരെന്ന അന്വേഷണത്തിൽ എക്സൈസ്. കഞ്ചാവും ഹാഷിഷ് ഓയിലും വാങ്ങിയത് ആന്ധ്രയിലുള്ള സുബി ഭായിൽ നിന്നാണെന്നാണ് ഹാരിസ് പറഞ്ഞത്. 50 ലക്ഷത്തിലേറെ വില വരുന്ന ലഹരിക്ക് ഹാരിസ് ഒരു ലക്ഷം രൂപ മാത്രമാണ് അഡ്വാൻസായി നൽകിയത്. ബാക്കിതുക വിൽപ്പനയ്ക്ക് ശേഷം നൽകാമെന്ന ഹാരിസിന്റെ ഉറപ്പിന്മേലാണ് മൊത്തക്കച്ചവടക്കാരൻ നൽകിയത്. ഇത്രയും വലിയ തുകയുടെ ലഹരി കടമായി നൽകണമെങ്കിൽ ഹാരിസുമായി മൊത്തക്കച്ചവടക്കാരനായ സുബി ഭായിക്ക് നീണ്ട നാളത്തെ കച്ചവട ബന്ധമുണ്ടാകണമെന്ന നിഗമനത്തിലാണ് എക്സൈസ്.

ഇതുവരെ പെറ്റിക്കേസ് മാത്രം

തൊടുപുഴയിലെ പ്രധാന കഞ്ചാവ് ഡീലറായിട്ടും ഹാരിസ് നാസറിന്റെ പേരിൽ തൊടുപുഴയിൽ ഒരു പെറ്റികേസ് മാത്രമാണുള്ളത്. കുറേ നാളുകൾക്ക് മുമ്പ് ഒരു ചെറിയ കഞ്ചാവ് പൊതിയുമായി തൊടുപുഴ എക്സൈസ് ഇയാളെ പിടികൂടി ജാമ്യത്തിൽ വിട്ടിട്ടുണ്ട്. അതിനാൽ ഇത്രനാളും ഹാരിസ് എക്സൈസിന്റെ നോട്ടപുള്ളിയായിരുന്നില്ല. എന്നാൽ പാലക്കാട് ഇയാളുടെ പേരിൽ ഒന്നിലേറെ കഞ്ചാവ് കേസുകളുണ്ട്.