ഇത്തവണ. ശ്രീകൃഷ് ജയന്തി ആഘോഷം വേറിട്ട രീതിയിൽ

തൊടുപുഴ: ഗ്രാമനഗരവീഥികൾ അമ്പാടിയാക്കുന്ന ശോഭായാത്രക്ക് പകരം ഇത്തവണ ശ്രീകൃഷ്ണ ജയന്തിദിവസം വീടുകൾ വൃന്ദാവനമാകും. 'വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം' എന്ന പുനരുജ്ജീവനസന്ദേശവുമായി ബാലഗോകുലം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികൾ നടത്തും. ശ്രീകൃഷ്ണജയന്തി ദിവസമായ 10ന് വീടും പരിസരവും വൃന്ദാവനരീതിയിൽ അലങ്കരിച്ച് കുട്ടികൾ കൃഷ്ണ- ഗോപിക വേഷവും മുതിർന്നവർ കേരളത്തനിമ നിലനിറുത്തുന്ന വേഷങ്ങളും ധരിച്ച് ആഘോഷത്തിൽ പങ്കാളികളാകും. രാവിലെ വീട്ടുമുറ്റത്ത് കൃഷ്ണപൂക്കളം,​ ഉച്ചയ്ക്ക് കണ്ണനൂട്ട്, വൈകിട്ട് നിശ്ചയിക്കപ്പെട്ട കീർത്തനങ്ങളും മന്ത്രജപവും ജന്മാഷ്ടമി ദീപക്കാഴ്ചയും പ്രസാദവിതരണവും നടത്തും. ആറിന് വീടുകളിലും പ്രധാനകേന്ദ്രങ്ങളിലും പതാക ഉയർത്തും. അന്നു മുതൽ വീടുകളിൽ തയ്യാറാക്കുന്ന കൃഷ്ണകുടീരങ്ങളിൽ ദീപാരാധനയും ഭജനയും നടത്തും. കൃഷ്ണലീല കലോത്സവം, സാംസ്‌കാരിക സമ്മേളനം എന്നിവ ഓൺലൈൻ സംവിധാനത്തിലൂടെയും സോഷ്യൽ മീഡിയ വഴിയും നടത്തും.