ചെറുതോണി : കൊവിഡ് വ്യാപനം നീണ്ടുനിൽക്കുന്ന സാഹചര്യം പരിഗണിച്ചു ബാങ്ക് വായ്പ്പകൾക്ക് മൊറൊട്ടോറിയം കാലയളവ് ഒരു വർഷം കൂടി ദീർഘിപ്പിക്കുകയും ഈ കാലയളവിലെ പലിശ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. കർഷകരും തൊഴിലാളികളും ദൈനം ദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയാത്ത സ്ഥിതിയിലാണ്. പലിശ ഇളവ് നൽകിയില്ലെങ്കിൽ മൊറൊട്ടോറിയതിന് ശേഷം പലിശയടക്കം ഭീമമായ തുക അടക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും. ഇതിന് നിലവിൽ സാഹചര്യമില്ല. അതിനാൽ ബാങ്കുകൾ നേരിട്ടോ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തിയോ പലിശ ഇളവ് അനുവദിക്കണം. കാർഷികമേഖലയും ചെറുകിട വ്യാപാരമേഖലകളും അസംഘടിത തൊഴിലാളിമേഖലയും തകർച്ചയിലാണ്. നിരവിധി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരം മേഖലകളെ ഉൾപ്പെടുത്തി അടിയന്തിരമായി പുനരുദ്ധാരണ പാക്കേജും ആനുകൂല്യങ്ങളും നടപ്പിലാക്കണം. ഓട്ടേറെ നിർദ്ധനർക്ക് സഹായകരമായിരുന്ന തൊഴിലുറപ്പ് പദ്ധതിപോലും നഷ്ടമായിരിക്കുകയാണ്. സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വിവിധ മേഖലകളിൽ തൊഴിലുറപ്പ് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.