കാഞ്ഞാർ: വെട്ടവും വെളിച്ചവുമില്ലാതെ യാത്രചെയ്യാനാണ് ഇവിടുത്തുകാരുടെ വിധി. കുടയത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ തെളിയുന്നില്ല എന്നത് തന്നെ കാരണം. കേടായ വഴിവിളക്കുകൾ കൃത്യ സമയത്ത് നന്നാക്കനോ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനോ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. മുട്ടം - മൂലമറ്റം റൂട്ടിൽ കുടയത്തൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള പ്രധാന റോഡുകൾ ഉൾപ്പെടെ മിക്കയിടങ്ങളിലും വഴി വിളക്കുകൾ ഏറെ നാളുകളായി പ്രവർത്തന രഹിതമാണ്. മിക്ക വാർഡുകളിലേയും ഉൾപ്രദേശങ്ങളിൽ ഈ അവസ്ഥയാണ്. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വഴിവിളക്കുകളാണ് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് ലക്ഷങ്ങൾ മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നതും.
നിലവാരം തീരെയില്ല
നിലവാരം കുറഞ്ഞ സെൻസറും ബൾബും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചിരിക്കുന്നതിനാൽ ഇവയിൽ മിക്കതും അടിക്കടി പ്രവർത്തന രഹിതമാവുകയാണ്.
മലങ്കര ജലാശയത്തോട് ചേർന്നുള്ള റോഡുകളിൽ പോലും വഴിവിളക്കുകൾ തെളിയുന്നില്ല. ജലാശയത്തിനോട് ചേർന്നുള്ള റോഡുകളിൽ ഇഴജന്തുകളുടെ ശല്യം രൂക്ഷമാണ്. കാഞ്ഞാർ മങ്കൊമ്പ് കാവിന്റെ സമീപത്തു നിന്നും കുടയത്തൂർ ഗവ. ന്യൂ എൽ പി സ്കൂളിൻ്റെ ഭാഗത്തേക്കുള്ള റോഡിലെ ഭൂരിഭാഗം വഴി വിളക്കുകളും ഏറെ നാളായി പ്രവർത്തിക്കുന്നില്ല. ഇവിടം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. നൂറു കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡാണ് രാത്രി സമയത്ത് ഇരുട്ടിലാകുന്നത്.
സാമൂഹ്യവിരുദ്ധർക്ക് ഒളിത്താവളം
അടുത്തിടെ പൊലീസ് അന്വേഷിക്കുന്ന മോഷണ കേസിലെ പ്രതിയുടെ ടവർ ലൊക്കേഷൻ ഈ ഭാഗത്ത് വന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ജലാശയത്തോട് ചേർന്ന് വിജനമായ പ്രദേശം ഉൾകൊള്ളുന്ന ഭാഗമാണിത്. ഇവിടെയാണ് വഴിവിളക്കുകൾ തെളിയാത്തത്. സാമൂഹ്യ വിരുദ്ധർക്ക് സൗകര്യം ഒരുക്കാൻ മാത്രമേ വഴി വിളക്കുകൾ തെളിയാതിരിക്കുന്നത് ഉപകരിക്കൂ എന്നതിനാൽ പ്രദേശ വാസികൾ ഏറെ ആശങ്കയിലാണ്.