തൊടുപുഴ: ഭൂപതിവു നിയമത്തിലും ചട്ടത്തിലും അടിയന്തര ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചട്ടം ഭേദഗതി ചെയ്യുന്നത് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ജനകീയ താത്പര്യം ഇക്കാര്യത്തിൽ മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂപതിവു നിയമത്തിൽ ഉപാധികൾ നിഷ്‌കർഷിക്കുന്ന എട്ടാം വകുപ്പു റദ്ദാക്കി ഉപാധിരഹിത പട്ടയങ്ങൾ കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. 1950 കളിലും 60 കളിലും ഭക്ഷ്യോത്പാദനം ലക്ഷ്യമിട്ട് സർക്കാർ തന്നെ മുൻകൈ എടുത്ത് പ്രോത്സാഹിപ്പിച്ച കുടിയേറ്റക്കാരോട് ഇന്ന് ആ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് അനീതിയാണ്. പതിച്ചു നൽകിയ ഭൂമി കൃഷിയ്ക്കും താമസത്തിനും മാത്രമേ ഉപയോഗിക്കാവു എന്നു പറഞ്ഞാൽ ഇടുക്കി ജില്ലയിൽ മാത്രമല്ല പതിച്ചു നൽകിയ മറ്റു സ്ഥലങ്ങളിലേയും വാണിജ്യ വ്യാപാര സ്ഥാപനങ്ങളും മറ്റും പൊളിച്ചു മാറ്റേണ്ടി വരും. ഭൂ പതിവു ചട്ടങ്ങൾ സംസ്ഥാനമൊട്ടാകെ ഒന്നു പോലെ നടപ്പിലാക്കാനാകൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ചട്ടം ദേദഗതിയിലൂടെ ആശങ്ക പരിഹരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാത്യു കുഴൽനാടനും ജോസഫിനോടൊപ്പമുണ്ടായിരുന്നു.