തൊടുപുഴ: തിരുവോണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ജില്ലയിൽ ഇതുവരെ ഓണക്കിറ്റ് വിതരണം പൂർത്തിയായില്ല. 20 ശതമാനം പേർ ഇനിയും കിറ്റ് വാങ്ങാനുണ്ടെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക്. കിറ്റെത്താൻ വൈകിയതും വിതരണത്തിലുണ്ടായ പാകപ്പിഴകളുമാണ് ഇനിയും എല്ലാവർക്കും കിറ്റ് കിട്ടാത്തതിന് കാരണമെന്ന് റേഷൻകട ഉടമകൾ പറയുന്നു. മുൻഗണന ക്രമമനുസരിച്ച് കഴിഞ്ഞ മാസം റേഷൻ വാങ്ങിയ കടകളിൽ നിന്ന് സൗജന്യ ഓണക്കിറ്റ് ഉപഭോക്താക്കൾക്ക് കൈപ്പറ്റാമെന്നായിരുന്നു സിവിൽ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പ്. ഇതനുസരിച്ച് അടുത്തു തന്നെയുള്ള പല റേഷൻ കടകളിൽ ഒട്ടേറെ പേർ കിറ്റ് വാങ്ങാനെത്തി. എന്നാൽ കിറ്റിന്റെ എണ്ണം കണക്കാക്കി മുൻകൂട്ടി രജിസ്റ്റർ ചെയ്ത റേഷൻ കടക്കാർക്ക് പത്തു ശതമാനം കുറച്ചാണ് കിറ്റ് നൽകിയത്. മാത്രമല്ല പലയിടത്തും വളരെ വൈകിയാണ് കിറ്റെത്തിയത്. മുൻഗണനാ ക്രമം നോക്കാതെ ഉപഭോക്താക്കൾ കടകളിലെത്തിയതോടെ വിതരണം അവതാളത്തിലായി. സെർവർ തകരാർ മൂലം ഇ- പോസ് മെഷീനും പണിമുടക്കിയതോടെ പല കടകളിലും നിരവധി തവണ വിതരണം മുടങ്ങി. പിന്നീട് വിരലടയാളം പതിപ്പിക്കാതെ ഉപഭോക്താവിന്റെ പേരു വിവരങ്ങൾ എഴുതി രേഖപ്പെടുത്തി കിറ്റുകൾ നൽകുകയായിരുന്നു. എന്നാൽ പേര് രജിസ്റ്റർ ചെയ്യാത്ത കടയിൽ നിന്നും ഉത്പന്നം വാങ്ങാനെത്തുന്ന പോർട്ടബിൾ കാർഡുടമയ്ക്ക് വിരലടയാളം പതിപ്പിച്ചാൽ മാത്രമേ കിറ്റ് നൽകാൻ സാധിക്കൂ. ഇതും വിതരണത്തെ സാരമായി ബാധിച്ചു. പലയിടത്തും ഉപഭോക്താക്കളും റേഷൻകടയുടമകളും തമ്മിൽ വാക്കേറ്റത്തിനും ഇത് കാരണമായി. മുമ്പ് റേഷൻ വാങ്ങിയ കടയിൽ നിന്ന് കിറ്റ് കൈപ്പറ്റാമെന്ന നിർദേശം അനുസരിച്ച് പല കടകളിലും കൂടുതൽ കിറ്റുകൾ നൽകേണ്ടി വന്നതിനാൽ ചില കടകളിൽ കിറ്റിന്റെ സ്റ്റോക്ക് തീർന്നു. ഇതിനിടെ ചില റേഷൻ കടകളിൽ ഓണക്കിറ്റ് മിച്ചവും വന്നു. ആദ്യം ഈ മാസം മൂന്ന് വരെയായിരുന്നു കിറ്റ് വാങ്ങാനുള്ള അവസാന തീയതിയായി നിശ്ചയിച്ചത്. എന്നാൽ ധാരാളം പേർക്ക് കിറ്റ് വാങ്ങാനായില്ലെന്ന ആക്ഷേപം ഉയർന്നതോടെ ഒമ്പതാം തിയതി വരെ നീട്ടുകയായിരുന്നു. ഇത്തവണ കൊവിഡിന്റെയും മറ്റും പശ്ചാത്തലത്തിൽ കൂടുതൽ റേഷൻ ഉപഭോക്താക്കളും സൗജന്യ കിറ്റ് വാങ്ങിയിട്ടുണ്ട്.
'റേഷൻ കടകളിലെല്ലാം ഇപ്പോൾ ഓണക്കിറ്റ് ലഭ്യമാണ്. ഓണക്കിറ്റ് ബാക്കി വന്ന കടകളിൽ നിന്ന് ഇല്ലാത്ത കടകളിൽ എത്തിച്ച് നൽകിയിട്ടുണ്ട്. തിരക്ക് കൂടിയപ്പോഴാണ് ഇ- പോസ് മെഷീനിലെ സെർവറിൽ തകരാറുണ്ടായത്. അതും പരിഹരിച്ചു. തിയതി ഒമ്പത് വരെ നീട്ടിയതിനാൽ എല്ലാവർക്കും കിറ്റ് വാങ്ങാൻ സാധിക്കും "
- ജില്ലാ സപ്ലൈ ആഫീസർ