തൊടുപുഴ: കഞ്ചാവ് മയക്കുമരുന്ന് മാഫിയ തൊടുപുഴയിലെ സി.പി.എമ്മി നെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഓഫീസിൽ ബി.ജെ.പി, എസ്.ഡി.പി.ഐ ആക്രമണമുണ്ടായപ്പോൾ കണ്ണടച്ചിരുന്ന മാർക്‌സിസ്റ്റ് പാർട്ടി ഓണ ദിവസം അടഞ്ഞു കിടന്ന കോൺഗ്രസ് ആഫീസിൽ അക്രമം നടത്തിയത് എന്ത് പ്രകോപനത്തിന്റെ പേരിലാണ്. ആക്രമിക്കാൻ വരുന്ന ഡി.വൈ.എഫ്.ഐ ക്കാരെ സംരക്ഷിക്കുന്ന പൊലീസ് സംവിധാനമാണ് ഇന്ന് തൊടുപുഴയിലുള്ളതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് പറഞ്ഞു . പാർട്ടി ഓഫീസ് അക്രമത്തിനെതിരെ ഇന്ന് വൈകിട്ട് മുഴുവൻ മണ്ഡലത്തിലും പന്തം കൊളുത്തി പ്രകടനം നടത്തും. ഏഴിന് ജില്ലാ പൊലീസ് ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തും. എട്ടിന് രാവിലെ തിരുവനന്തപുരത്ത് ഡി.സി.സിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എസ്. അശോകൻ, ഡി.സി.സി നേതാക്കളായ ജോൺ നെടിയപാല, എൻ.ഐ. ബെന്നി, ജിയോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.