pappaya

ഇടുക്കി: കൊവിഡ് കാരണം സിനിമാമേഖല സ്തംഭിച്ചതോടെ പണിയില്ലാതായപ്പോഴാണ് ചലച്ചിത്ര പ്രവർത്തകനായ പെരുവന്താനം സ്വദേശി എബിൻ എബ്രഹാമിന് ഒരു ആശയം തോന്നിയത്,​ ലൊക്കേഷൻ ഒന്ന് മാറ്റിപിടിക്കാൻ. അതേ, ഏതൊരു ഇടുക്കിക്കാരനെയും പോലെ ആദ്യം കൃഷി ചെയ്യാമെന്ന് തീരുമാനിച്ചു. പക്ഷേ, പത്രപ്രവർത്തനത്തിലും സിനിമയിലുമല്ലാതെ കൃഷിയിലൊരു മുൻപരിചയവുമില്ല. അച്ഛൻ എബ്രഹാം കൃഷിക്കാരനാണെന്ന ബലത്തിൽ മുമ്പിട്ടിറങ്ങി. വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്ന അന്വേഷണത്തിനൊടുവിൽ എബിൻ എത്തിപ്പെട്ടത് പപ്പായ കൃഷിയിലായിരുന്നു. നാട്ടിൻപുറങ്ങളിൽ ആരും തിരിഞ്ഞുനോക്കാത്ത പപ്പായ കൃഷി ചെയ്താലുള്ള സാദ്ധ്യത എബിൻ മനസിലാക്കി. ഇന്റർനെറ്റിലും അറിവുള്ളവരോട് ചോദിച്ചും പപ്പായ കൃഷിയെക്കുറിച്ച് പഠിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരുവന്താനം പഞ്ചായത്ത് നാലര ഏക്കർ തരിശ് ഭൂമി എബിൻ പാട്ടത്തിന് നൽകാൻ തയ്യാറായി. തുടർന്ന് തായ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്ത റെഡ്‌ലേഡി എഫ്1 -786 എന്നയിനം പപ്പായ വിത്ത് വാങ്ങി. കിലോയ്ക്ക് നാല് ലക്ഷത്തിനടുത്ത് വിലയുള്ള വിത്ത് 100 ഗ്രാമാണ് എബിൻ വാങ്ങിയത്. വിത്ത് സ്വന്തമായി നഴ്‌സറി സജ്ജീകരിച്ച് രണ്ടു മാസത്തിലേറെ വളർത്തിയതിന് ശേഷം മണ്ണിൽ നട്ടു. ആറാം മാസം വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ്.

പിതാവ് മുറിഞ്ഞപുഴ അമ്പാട്ട്ഹൗസിൽ എബ്രഹാമും കൃഷിയിൽ സഹായിക്കാനായി ഒപ്പമുണ്ട്. 33കാരനായ എബിൻ അവിവാഹിതനാണ്. മമ്മൂട്ടി അഭിനയിച്ച 'മാമാങ്കം" സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്നു. മറ്റ് ചില സിനിമകളുടെ ജോലികൾ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് വന്ന് പണി മുടങ്ങിയത്.

പപ്പായ അത്ര പാവമല്ല

ആന്റി ഓക്‌സിഡന്റ് ഏറ്റവുമധികമുള്ള ഭക്ഷണങ്ങളിലൊന്നായ പപ്പായ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെങ്കിലും കേരളത്തിൽ കൃഷി ചെയ്യാൻ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട് ആകുന്നതേയുള്ളൂ. നാട്ടിൻപുറങ്ങളിൽ സാധാരണ കാണുന്ന പപ്പായയല്ല,​ തായ്‌വാൻ റെഡ് ലേഡി ഇനമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. അത്യുത്പാദനശേഷിയുള്ള ഈയിനത്തിന്റെ പ്രത്യേകത കീടനാശിനികളുടെ സഹായമില്ലാതെ ഒരു മാസത്തിലേറെ കേടുകൂടാതെ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഇരിക്കുമെന്നതാണ്. ചരക്ക് നീക്കത്തിനിടയിൽ ചതഞ്ഞ് പോവുമെന്ന പേടിയും വേണ്ട. കൃഷി ആരംഭിച്ച് ആറാം മാസം തന്നെ വിളവെടുക്കാവുന്ന ഈയിനം കേരളം പോലുള്ള ഉഷ്ണമേഖലയ്ക്ക് ഏറ്റവും അനുയോജ്യമാണ്.