കട്ടപ്പന: വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും അദ്ധ്യാപകരും പി.ടി.എയും ചേർന്ന് സുമനസുകളുടെ സഹകരണത്തോടെ, നിർദ്ധന വിദ്യാർഥിക്കായി നിർമിച്ച വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും. സ്‌കൂൾ മാനേജർ സിസ്റ്റർ ലിറ്റിൽ ഫ്‌ളവർ യോഗം ഉദ്ഘാടനം ചെയ്യും. പ്രഥമാദ്ധ്യാപിക ഷൈനി ജേക്കബ് താക്കോൽ കൈമാറും. പി.ടി.എ. പ്രസിഡന്റ് സജി സാമുവൽ അദ്ധ്യക്ഷത വഹിക്കും. പുറ്റടിക്കുസമീപം രാജാക്കവല ആശാൻകോളനിയിലാണ് നാലു ലക്ഷം രൂപ ചെലവഴിച്ച് 500 ചതുരശ്ര അടിയിൽ വീട് നിർമിച്ചതെന്ന് സജി സാമുവൽ, തൂലിക തങ്കച്ചൻ, സൗമ്യ ചാക്കോ എന്നിവർ പറഞ്ഞു.
ഓൺലൈൻ പഠനത്തിന്റെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് വീടില്ലാത്ത കുട്ടിയുടെ സ്ഥിതി നേരിട്ടറിയുന്നത്. തുടർന്ന് അദ്ധ്യാപകരും സ്‌കൂളിലെ ജീവനക്കാരും പി.ടി.എ. ഭാരവാഹികളും ചേർന്ന് നിർമാണത്തിനാവശ്യമായ തുക സമാഹരിച്ചു. സന്നദ്ധ പ്രവർത്തകരും കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റും ഉൾപ്പെടെ ധനസഹായം നൽകി.