കട്ടപ്പന: ഭൂമിപതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കിയിൽ മാത്രം നിർമാണ നിരോധന ഉത്തരവിറക്കിയ സർക്കാർ നിലപാട് വഞ്ചനയാണെന്ന് കർഷക യൂണിയൻ ജില്ലാ കമ്മിറ്റി. ഇക്കാര്യത്തിൽ എൽ.ഡി.എഫും എം.എൽ.എയും നിലപാട് വ്യക്തമാക്കണം. ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നുള്ള സർവകക്ഷി യോഗത്തിലെ തീരുമാനം ഉത്തരവായി ഇറങ്ങുന്നതുവരെ ചെറുതോണിയിൽ സമരം തുടരും. ഇന്ന് കർഷക കോൺഗ്രസ് അംഗങ്ങൾ സമരപ്പന്തലിൽ ഉപവാസമനുഷ്ഠിക്കും. മുൻ എം.എൽ.എ. തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാലുമ്മേൽ, തോമസ് പെരുമന, പി.ടി. ഡോമിനിക്, ജോയി കുടക്കച്ചിറ, ഒ.ടി. ജോൺ, ഷിബു കറ്റുവീട്ടിൽ, മത്തച്ചൻ കക്കാട്ട് എന്നിവർ അറിയിച്ചു.