ഇടുക്കി: സർക്കാർ സ്‌കൂളുകളിൽ അടുക്കള, ഭക്ഷണമുറി, കളിസ്ഥലം എന്നിവ നിർമ്മിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ പ്രൊപ്പോസൽ സമർപ്പിച്ച് സമയബന്ധിതമായി സാങ്കേതികാനുമതി നേടിയെടുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാർ മുൻകൈയെടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കളക്ട്രേറ്റിൽ നടത്തിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഏകോപന ഓൺലൈൻ അവലോകന (ദിശ) യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു എം.പി. കാർഷിക മേഖലയിൽ തൊഴിലുറപ്പു പണി ഏറ്റെടുക്കുന്നതിന് മാനദണ്ഡങ്ങളിൽ ഇളവു വരുത്താൻ കേന്ദ്ര സർക്കാരിന് കത്തയക്കും. തൊടുപുഴ, കട്ടപ്പന, മൂന്നാർ എന്നിവിടങ്ങളിൽ പോസ്റ്റൽ വകുപ്പ് ആരംഭിക്കുന്ന പൊതുജന സേവന കേന്ദ്രങ്ങൾ കൂടുതൽ ഗ്രാമീണമേഖലയിലേക്കും വ്യാപിപ്പിക്കണം. പണിപൂർത്തീകരിച്ചിട്ടും യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പ്രൊജക്ട് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയാൽ ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ യോഗത്തിൽ ഉറപ്പു നൽകി. വിവിധ വകുപ്പുകളിലെ പദ്ധതികളുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി.