തൊടുപുഴ: വെങ്ങല്ലൂരിൽ ബുധാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടെ 50 കിലോ കഞ്ചാവും 400 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ കേസ് അന്വേഷണത്തിന്റെ ചുമതല ഇടുക്കി അസി. എക്‌സൈസ് കമ്മിഷണർ ടോമി ജേക്കബിന് . തൊടുപുഴ കേന്ദ്രീകരിച്ച് വലിയ കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ഉയർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത്. ലഹരിയുമായി പിടിയിലായ പ്രതി ഹാരിസ് നാസറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കൂടുതൽ വിവരങ്ങൾ അറിയാനായി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ രേഖകളടക്കം ശേഖരിക്കും. കേസിൽ കൂട്ടുപ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കഞ്ചാവ് എവിടെ നിന്ന് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നുമെല്ലാം വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടോമി ജേക്കബ് പറഞ്ഞു.