തൊടുപുഴ: എല്ലാ ജില്ലകളിലും ഓരോ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനത്തിന് അനുവദിച്ച 600 കോടി ഫലപ്രദമായി വിനിയോഗിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. നഗരങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളായ മാലിന്യ സംസ്‌കരണം, സാനിട്ടേഷൻ എന്നീ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് കേരള ഖരമാലിന്യ പരിപാലന പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2100 കോടി രൂപയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുമ്പോൾ സാങ്കേതിക പരിജ്ഞാനമുള്ള കൺസൾട്ടന്റുമാരെ നിയമിക്കുകയും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. പ്രശസ്ത പരിസ്ഥിതി പ്രവർത്തക അൽമിത്ര പട്ടേൽ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ കേരളത്തിനു സമർപ്പിച്ചിരുന്നു. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ കക്കൂസ് മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ അടിയന്തരമായി സ്ഥാപിക്കേണ്ടതായിട്ടുണ്ട്. കുടിവെള്ള സ്രോതസുകൾ മലിനമാക്കപ്പെടാതിരിക്കണം. ബ്രഹ്മപുരം പദ്ധതി മാതൃകയിൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ മറ്റിടങ്ങളിലും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.