ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന് ക്യാന്റീൻ നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപ ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. നേരത്തെ മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനുമായി ഒരു കോടി 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രാരംഭഘട്ടത്തിൽ നിർമ്മിച്ച കെട്ടിടം നിലവിലെ സാഹചര്യത്തിൽ പരിമിതമായതു കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 45 ലക്ഷം രൂപയാണ് മെഡിക്കൽ കോളേജ് ക്യാന്റീന് ആവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിന് എം.പി ഫണ്ടിൽ നിന്ന് നീക്കിവച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നാളെ രാവിലെ 9.30ന് എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.