haritham
ഏലപ്പാറയിൽ ആരംഭിച്ച ഹരിത ചെക്ക് പോസ്റ്റ്

ഏലപ്പാറ: വഴികാട്ടാൻ വാഗമൺ എന്ന പദ്ധതിയുടെ ഭാഗമായി ഹരിത ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തന ഉദ്ഘാടനം ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രൻ നിർവഹിച്ചു. ഏലപ്പാറ, വാഗമൺ, പുള്ളിക്കാനം, കൊച്ചു കരുന്തരുവി, ഉപ്പുതറ റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ഹരിത ചെക്ക് പോസ്റ്റുകൾക്ക് രൂപം നൽകിയിട്ടുള്ളത്. പ്രദേശത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെയടക്കം ഉപയോഗം നിയന്ത്രണവിധേയമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് ഹരിത ചെക്ക് പോസ്റ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. വാഹനങ്ങൾ പരിശോധിച്ച് കണ്ടെടുക്കുന്ന മാലിന്യങ്ങൾക്ക് ചെക്കുപോസ്റ്റുകളിൽ യൂസർ ഫീസ് ഈടാക്കും.ഇരു ചക്ര, മുചക്ര വാഹനങ്ങൾക്ക് 5 രൂപയും നാല് ചക്ര വാഹനങ്ങൾക്ക് 10 രൂപയും നാല് ചക്രങ്ങൾക്ക് മുകളിൽ ഉള്ള വാഹനങ്ങൾക്ക് 15 രൂപയും ഈടാക്കും. പ്ലാസ്റ്റിക്കോ മറ്റ് അജൈവവസ്തുക്കളോ കണ്ടെടുക്കാത്ത വാഹനങ്ങൾക്ക് യൂസർ ഫീസ് നൽകേണ്ടതില്ല.വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിന്റെ മനോഹാരിതയും ജൈവികതയും നിലനിർത്തിപ്പോരാൻ ലക്ഷ്യമിട്ടാണ് വഴികാട്ടാൻ വാഗമൺ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.ഏലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണമ്മ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ല മിഷൻ ഇടുക്കി റിസോഴ്‌സ് പേഴ്‌സൺ അരുൺ പദ്ധതി വിശദീകരിച്ചു.