തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോമൺ സർവീസ് സെന്ററുകളോട് (സി എസ് സി ) അധികൃതർക്ക് അവഗണന. ഇത് മൂലം സി എസ് സി കളിലൂടെ നടപ്പിലാക്കി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധങ്ങളായ ജനക്ഷേമ പ്രവർത്തികൾ ജനങ്ങളിലേക്ക് എത്തുന്നുമില്ല. മാത്രമല്ല, അധികൃതരുടെ അവഗണന മൂലം സി എസ് സി കളുടെ പ്രവർത്തനങ്ങൾ നിശ്ചലമാകുന്ന അവസ്ഥയുമാണ്. 3000 ത്തോളം സി എസ് സെന്ററുകളാണ് സംസ്ഥാനത്ത് ഉടനീളം പ്രവർത്തിക്കുന്നത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ അക്ഷയ കേന്ദ്രങ്ങളിലൂടെ പ്രവർത്തികമാക്കാനാണ് അധികൃതർ കൂടുതലായി ശ്രമിക്കുന്നതും. ഇത് സി എസ് സി സ്ഥാപനങ്ങളുടെ നിലനിൽപ്പിന് തിരിച്ചടിയാവുകയാണ്. അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സി എസ് സി യിലും ലഭ്യമാണ്. കൊവിഡ് നിയന്ത്രണ സമയങ്ങളിലും അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഡ്രിഗ്രി, പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈൻ ആയി നൽകാൻ അക്ഷയ കേന്ദ്രങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് മൂലം അക്ഷയ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ തിരക്കാണ് നിത്യവും അനുഭവപ്പെട്ടത്. സംസ്ഥാന സർക്കാർ സംവിധാനം സി എസ് സി കളെ അവഗണിച്ച് അക്ഷയ കേന്ദ്രങ്ങൾക്കാണ് അമിത പ്രാധാന്യം നൽകുന്നതും. ഇക്കാരണങ്ങളാൽ അംഗീകാരമുള്ള സി എസ് സി കളെ ജനങ്ങൾ അവഗണിക്കുകയുമാണ്. ലൈസൻസ് എടുത്ത് പ്രവർത്തിച്ച് വരുന്ന സി എസ് സി കളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന നിലപാട് അധികൃതർ അവസാനിപ്പിക്കണം എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്.